'എന്നോട് വന്ന് പേര് ചോദിക്കുവാ... സുരേഷ് ഗോപി കളിക്കല്ലേ'; എസ്.ഐയോട് കയര്‍ത്ത് എം. വിജിന്‍ എം.എല്‍.എ
നിങ്ങളുടെ പേരെന്താണെന്ന് ചോദിച്ചതാണ് എം. വിജിന്‍ എം.എൽ.എയെ പ്രകോപിപ്പിച്ചത്
കണ്ണൂര്‍: എം. വിജിൻ എം.എൽ.എയും പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ വാക്കേറ്റം. കണ്ണൂരിൽ കെ.ജി.എൻ.എ സംഘടിപ്പിച്ച കലക്ട്രേറ്റ് മാർച്ചിനിടെയാണ് വാക്കേറ്റമുണ്ടായത്. എസ്.ഐ. എം.എൽ.എയെ അധിക്ഷേപിച്ചെന്നും പരാതിയുണ്ട്. ക്ഷാമബത്ത പുനഃസ്ഥാപിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് കേരള ഗവർൺമെൻ നെഴ്‌സസ് അസോസിയേഷൻ ഇന്ന് കലക്ട്രേറ്റിലേക്ക് മാർച്ചും ധർണയും പ്രഖ്യാപിച്ചത്.
നേരത്തേ തന്നെ ഇക്കാര്യം ക്രൈംബ്രാഞ്ചിനേയും അറിയിച്ചിരുന്നവെന്നാണ് അസോസിയേഷൻ നേതാക്കൾ പറയുന്നത്. കലക്ട്രേറ്റിന്റെ രണ്ടാം ഗേറ്റിലേക്കാണ് പ്രവർത്തകർ പ്രകടനമായി എത്തിയത്. ഈ സമയം അവിടെ ഒരു പൊലീസുകാരൻ പോലും ഉണ്ടായിരുന്നില്ല. സാധാരണ ഇത്തരത്തിൽ പ്രകടനമായി എത്തുന്ന ആളുകളെ പൊലീസ് തടയകയാണ് പതിവ്. എന്നാൽ പൊലീസ് ഇല്ലാത്തതിനാൽ തന്നെ പ്രവർത്തകർ കലക്ട്രേറ്റിനുള്ളിലേക്ക് കടന്നു. ഈ സമയം സ്ഥലത്തുണ്ടായിരുന്ന പിങ്ക് പൊലീസ് ഓടിയെത്തി ഇവരെ തടഞ്ഞു.
ഒപ്പം ടൗൺ എസ്.ഐ പി.പി ഷമീമും അവിടേക്കെത്തി. അവിടെവെച്ച് പ്രകടനം തടഞ്ഞു. പ്രകടനമായി ഇവിടേക്ക് വന്ന് ശരിയായില്ലെന്നും ഇവർക്കെതിരെ കേസെടുക്കുമെന്നും എസ്.ഐ പറഞ്ഞു. മാത്രമല്ല എം.എൽ.എ അടക്കമുള്ള ആളുകൾ കലക്ട്രേറ്റിനുള്ളിൽ നിന്ന് ഇറങ്ങി പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ പൊലീസിന്റെ ഭാഗത്താണ് വീഴ്ചയുണ്ടായതെന്ന് എം.എൽ.എ മറുപടി നൽകി. തുടർന്നാണ് എം.എൽ.എയും എസ്.ഐയും തമ്മിൽ ചെറിയ തോതിലുള്ള വാക്കേറ്റമുണ്ടായത്. പിന്നീട് കലക്ട്രേറ്റിനുള്ളിൽ വെച്ച് ഉദ്ഘാടനത്തിനായി വിജിൻ മൈക്ക് കയ്യിലെടുത്തു. ഈ സമയം എസ്.ഐ മൈക്ക് തട്ടിപ്പറിച്ചുവെന്നാണ് പരാതി. സംഭവത്തിൽ മുഴുവൻ ആളുകൾക്കെതിരേയും കേസെടുക്കണമെന്നും പങ്കെടുത്ത എല്ലാവരുടേയും പേരുകൾ എഴുതിയെടുക്കണമെന്നും എസ്.ഐ പറഞ്ഞു. തുടർന്ന് എം.എൽ.എയോട് നിങ്ങളുടെ പേരെന്താണ് എന്ന് ചോദിച്ചു. ഇതാണ് വിജിനെ പ്രകോപിപ്പിച്ചത്.
Adjust Story Font
16