Quantcast

'മോസ്കിന് ഞാൻ പണം കൊടുക്കും, വഖഫ് ബോർഡിന്റെ സ്വത്തുക്കളെ സംരക്ഷിക്കാൻ അവർക്കറിയാം'; 'മഹാത്മ' സിനിമയിലെ സുരേഷ് ​ഗോപിയുടെ ഡയലോ​ഗ് ചർച്ചയാവുന്നു

വഖഫ് കിരാതം ഭാരതത്തില്‍ അവസാനിപ്പിച്ചുവെന്നായിരുന്നു ബിൽ രാജ്യസഭയിലും പാസായതിനു പിന്നാലെ സുരേഷ് ​ഗോപിയുടെ പ്രതികരണം.

MediaOne Logo

Web Desk

  • Updated:

    5 April 2025 7:14 AM

Published:

5 April 2025 7:12 AM

Suresh Gopis Dialogue in Mahathma Movie leads new debate in social media
X

'ക്ഷേത്രത്തിന് ഞാനൊരു കാശുപോലും തരില്ല. വേണമെങ്കിൽ ചിലപ്പോൾ ചർച്ചിനും മോസ്‌കിനും പോലും ഞാൻ കൊടുത്തെന്നിരിക്കും. തിരുസഭയുടെയും വഖഫ് ബോർഡിന്റേയും സ്വത്തുക്കളെ സംരക്ഷിക്കാൻ ഏകദൈവത്തിൽ വിശ്വസിക്കുന്ന അവർക്കറിയാം'- ഇപ്പോഴത്തെ കേന്ദ്ര മന്ത്രി സുരേഷ്​ഗോപി കേന്ദ്രകഥാപാത്രമായി 1996ൽ ഇറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'മഹാത്മ'യിൽ അദ്ദേഹം പറയുന്ന ഡയലോ​ഗാണിത്. മഹാക്ഷേത്ര നിർമാണ കാര്യത്തെ കുറിച്ച് സംസാരിക്കുന്ന സ്വാമിയോടാണ് സുരഷ് ​ഗോപി ഇത് പറയുന്നത്.

ഇപ്പോൾ ലോക്സഭയിലും രാജ്യസഭയിലും കേന്ദ്രം പാസാക്കിയ വിവാദ വഖഫ് ഭേദ​ഗതി ബില്ലിനെ അനുകൂലിച്ചും അതിനെതിരെ കേരളം പാസാക്കിയ പ്രമേയത്തെ അധിക്ഷേപിച്ചും സുരേഷ് ​ഗോപി രം​ഗത്തെത്തിയ സാഹചര്യത്തിൽ ഈ ഡയലോ​ഗുകൾ വീണ്ടും ചർച്ചയാവുകയാണ്. 'മഹാത്മ'യിലെ സുരേഷ്​ഗോപിയുടെ ഈ സീൻ സോഷ്യൽമീഡിയയിൽ പങ്കുവച്ച് നിരവധി പേരാണ് ട്രോളുകളുമായി രം​ഗത്തെത്തിയിരിക്കുന്നത്.

സീനിലെ ഡയലോ​ഗ് ഇങ്ങനെ- 'ക്ഷേത്രത്തിന് ഞാനൊരു കാശുപോലും തരില്ല. തന്നാൽതന്നെ അത് സർക്കാർ ഭരിക്കുന്ന ദേവസ്വം ഭണ്ഡാരത്തിൽ പോയി ചേരും. ഇവിടുത്തെ ഊച്ചാളി രാഷ്ട്രീയക്കാർ എടുത്തിട്ട് തിന്നുമുടിക്കാൻ. വേണമെങ്കിൽ ചിലപ്പോൾ ചർച്ചിനും മോസ്‌കിനും പോലും ഞാൻ കൊടുത്തെന്നിരിക്കും. തിരുസഭയുടെയും വഖഫ് ബോർഡിന്റേയും സ്വത്തുക്കളെ സംരക്ഷിക്കാൻ ഏകദൈവത്തിൽ വിശ്വസിക്കുന്ന അവർക്കറിയാം. അവിടെയെങ്ങും ഒരു ഊച്ചാളി രാഷ്ട്രീയക്കാരനും കയറിക്കളിക്കില്ല. മുപ്പത്തിമുക്കോടി ദേവതകളെ ആരാധിക്കുന്ന നിങ്ങളുടെ സമുദായക്കാർക്ക് അതറിയില്ല. നിങ്ങൾക്കുമതറിയില്ല. എന്ന് നിങ്ങളുടെ സമുദായക്കാർ ഒറ്റക്കെട്ടായി നിൽക്കുന്നോ അന്ന് ഞാൻ തരും പണം...'

വഖഫ് കിരാതം ഭാരതത്തില്‍ അവസാനിപ്പിച്ചുവെന്നായിരുന്നു ബിൽ രാജ്യസഭയിലും പാസായതിനു പിന്നാലെ സുരേഷ് ​ഗോപിയുടെ പ്രതികരണം. ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യും. ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. കുത്തിത്തിരിപ്പ് ഇല്ലാത്ത വിചക്ഷണരോട് ചോദിക്കൂ. ജനങ്ങളെ വിഭജിക്കാനല്ലേ പ്രതിപക്ഷം ശ്രമിച്ചത്. മുസ്‌ലിംകൾക്ക് കുഴപ്പമാകുമെന്നല്ലേ അവർ പാർലമെന്‍റില്‍ പറഞ്ഞതെന്നും സുരേഷ് ​ഗോപി കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം ലോക്സഭയിൽ വഖഫ് ഭേദ​ഗതി ബില്ലിന്മേലുള്ള ചർച്ചയിലായിരുന്നു, വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയതിനെതിരെ സുരേഷ് ​ഗോപി രം​ഗത്തെത്തിയത്. വഖഫ് നിയമഭേദഗതി യാഥാർഥ്യമാകുന്നതോടെ കേരളനിയമസഭയില്‍ പാസാക്കിയ പ്രമേയം അറബിക്കടലില്‍ മുങ്ങിപ്പോകുമെന്നും നിങ്ങള്‍ അതിനായി കാത്തിരിക്കൂ എന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ദേവേന്ദ്രൻ എന്ന കഥാപാത്രത്തെയാണ് സുരേഷ്​ഗോപി അവതരിപ്പിക്കുന്നത്. ടി. ദാമോദരനായിരുന്നു ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. ബിജു മേനോൻ, രമ്യ കൃഷ്ണൻ, രാജൻ പി. ദേവ്, ദേവൻ, ​കെ.ബി ​ഗണേഷ്കുമാർ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടത്.

TAGS :

Next Story