'കരയുകയല്ലാതെ ഒരു മാർഗവുമില്ല... നോക്കിയപ്പോൾ ചെളിയിലൂടെ നീന്തി അച്ഛൻ വരുന്നു...'
അഞ്ചുമിനിറ്റുകൊണ്ട് എത്തേണ്ട മുണ്ടക്കൈയിലേക്ക് മുക്കാൽ മണിക്കൂറ് നീന്തിയാണ് എത്തിയതെന്ന് സോമൻ പറയുന്നു
മേപ്പാടി: ഒരായുഷ്‌കാലം മുഴുവൻ സമ്പാദിച്ചതെല്ലാം നിമിഷനേരം കൊണ്ട് ഒലിച്ചുപോയെങ്കിലും ജീവൻ തിരികെ കിട്ടിയ ആശ്വാസത്തിലാണ് മുണ്ടക്കൈയിലെ സോമനും കുടുംബവും. മലവെള്ളപ്പാച്ചിലും പുഴയിൽ വെള്ളവും നിറഞ്ഞത് കണ്ടപ്പോൾ ഭാര്യയെയും മകനെയും സോമൻ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയിരുന്നു. തിരിച്ച് സോമൻ മാത്രം വീട്ടിൽ തിരിച്ചെത്തി.
'രണ്ടുമണിയൊക്കെ ആയപ്പോ വലിയൊരു ശബ്ദം കേട്ടു..ജനൽ തുറന്ന് നോക്കിയപ്പോൾ ചുറ്റും വെള്ളവും ചളിയും മാത്രം. ജനലിലൂടെ പുറത്തേക്ക് ചാടി. മരത്തിൽ പിടിത്തം കിട്ടി താഴേക്ക് ഇറങ്ങി നീന്താൻ തുടങ്ങി. വീട്ടിൽ നിന്ന് മുണ്ടക്കൈ ടൗണിലെത്താൻ അഞ്ചുമിനിറ്റ് മാത്രം മതി.എന്നാൽ മുക്കാൽ മണിക്കൂറോളം നീന്തിയാണ് രക്ഷപ്പെട്ടത്..'...സോമൻ മീഡിയവണിനോട് പറഞ്ഞു.
ഏത് വിധത്തിലും രക്ഷപ്പെടുക എന്നത് മാത്രമായിരുന്നു മനസിലുണ്ടായിരുന്നതെന്നും പിന്നെ ഒന്നും നോക്കിയില്ലെന്നും മേപ്പാടി ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സോമൻ ഓർത്തെടുക്കുന്നു. മുണ്ടക്കൈ ടൗണിലെത്തിയപ്പോൾ ആരെക്കയോ രക്ഷപ്പെടുത്തി. ആദ്യം ചൂരൽ മല ക്രിസ്ത്യൻ പള്ളിയിലെ ക്യാമ്പിലും മേപ്പാടിയിലെ ക്യാമ്പിലുമെത്തിച്ചെന്നും സോമൻ പറഞ്ഞു.
അതേസമയം, അച്ഛനെ കാണാതെ ആശങ്കപ്പെട്ട മണിക്കൂറുകളെക്കുറിച്ചായിരുന്നു മകന് പറയാനുണ്ടായിരുന്നത്. രാത്രിയാണ് കൂട്ടുകാരൻ എന്തോ ശബ്ദം കേൾക്കുന്നുണ്ട്..അപകടമാണെന്ന് വിളിച്ചു പറയുന്നത്. അച്ഛനാണെങ്കിൽ വീട്ടിനുള്ളിലും.. ചൂരൽമല ടൗണിലേക്ക് ഓടിയെത്തിയപ്പോള്‍ അവിടെ മുഴുവൻ ചളിയും മരവും അടിഞ്ഞുകിടക്കുന്നു. അച്ഛൻ ഉള്ളിലുണ്ടെന്ന് പറഞ്ഞ് കരയുകയായിരുന്നു. അതല്ലാതെ വേറെ മാർഗവുമില്ലായിരുന്നു. കുറച്ച് കഴിഞ്ഞ് നോക്കിയപ്പോൾ ചെളിയിൽ മുങ്ങി അച്ഛൻ വരുന്നുണ്ട്.. അപ്പോഴാണ് ആശ്വാസമായത്..' സോമന്റെ മകൻ പറയുന്നു.
'വീട് പോയാൽ പോകട്ടെ..ഞങ്ങള് രക്ഷപ്പെട്ടല്ലോ.' സോമന്റെ ഭാര്യയുടെ വാക്കുകളിൽ ഒരേ സമയം,ആശ്വാസവും സങ്കടവുമെല്ലാം തുളുമ്പി നിൽക്കുന്നുണ്ടായിരുന്നു.
Adjust Story Font
16