എസ്എടി ആശുപത്രിയിലെ വൈദ്യുത പ്രതിസന്ധി; രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമാണ് നടപടി.
തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ വൈദ്യുത പ്രതിസന്ധിയിൽ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി. സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിലെ അസിസ്റ്റന്റ് എഞ്ചിനീയർ, ഓവർസിയർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരമാണ് നടപടി. വൈദ്യുതി തകരാറിലാകും എന്നറിഞ്ഞിട്ടും ബദൽ സംവിധാനം ഒരുക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാവുമെന്ന സൂചനയും മന്ത്രി നൽകി. വിശദമായ അന്വേഷണം നടത്താൻ ചീഫ് എഞ്ചിനീയർക്ക് മന്ത്രി നിർദേശം നൽകി. ആരോഗ്യവകുപ്പിന്റെ സമഗ്ര സമിതിയുടെ അന്വേഷണവും ഇതിന്റെ ഭാഗമായി നടക്കും.
കഴിഞ്ഞദിവസമാണ് എസ്‌എടി ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയത്. തുടർന്ന് മൂന്നു മണിക്കൂറിന് ശേഷമാണ് പുനഃസ്ഥാപിച്ചത്. താത്ക്കാലിക ജനറേറ്ററെത്തിച്ചാണ് വൈദ്യുതി പുനഃസ്ഥാപിച്ചത്. സ്ത്രീകളുടെയും കുട്ടികളുടേയും അത്യാഹിത വിഭാഗം ബ്ലോക്കിലാണ് 29ന് രാത്രിയോടെ വൈദ്യതി മുടങ്ങിയത്. ടോർച്ചിന്റെയും മെഴുകുതിരി വെട്ടത്തിന്റെയും വെളിച്ചത്തിലാണ് ആശുപത്രി പ്രവർത്തിച്ചത്.
Adjust Story Font
16