ചീഫ് ആർക്കിടെക്റ്റ് ഓഫീസിലെ വ്യാപക ക്രമക്കേട്; ചീഫ് ആർക്കിടെക്റ്റിനും ഡെപ്യൂട്ടി ചീഫ് ആർക്കിടെക്റ്റിനും സസ്പെൻഷൻ
രണ്ട് ഉദ്യോഗസ്ഥരും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ പൂരിപ്പിക്കാറില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു
തിരുവനന്തപുരം: ചീഫ് ആർക്കിടെക്റ്റ് ഓഫീസിലെ വ്യാപക ക്രമക്കേടിൽ ചീഫ് ആർക്കിടെക്റ്റിനും ഡെപ്യൂട്ടി ചീഫ് ആർക്കിടെക്റ്റിനും സസ്പെൻഷൻ. രാജീവ്, രാഗേഷ് എന്നിവർക്കെതിരെയാണ് നടപടി. പൊതുമരാമത്ത് മന്ത്രിയുടെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഈ രണ്ട് ഉദ്യോഗസ്ഥരും ക്യാഷ് ഡിക്ലറേഷൻ രജിസ്റ്റർ പൂരിപ്പിക്കാറില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് മാർച്ച് 23 ന് ചീഫ് ആർക്കിടെക്റ്റ് ഓഫീസിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതോടെ വിജിലൻസിനോട് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
ഓഫീസിലെ 41 ജീവനക്കാരുടേയും ഹാജറിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. മന്ത്രി മിന്നൽപരിശോധന നടത്തിയ ദിവസം അവധിയെടുക്കാത്ത അഞ്ച് ഉദ്യോഗസ്ഥർ ഓഫീസിൽ എത്തിയിരുന്നില്ല. 20 ഉദ്യോഗസ്ഥർ വൈകി എത്തുകയും ചെയ്തിരുന്നു. ഇതിൽ ഏറെ വൈകി എത്തിയ 13 പേർക്കെതിരെ നടപടിയെടുക്കാനും ശിപാർശ ചെയ്തിട്ടുണ്ട്. ബാക്കി ഏഴ് പേരോട് വീശദീകരണം ചോദിച്ച് ആവശ്യമെങ്കിൽ നടപടി എടുക്കാനും നിർദേശമുണ്ട്. സസ്പെൻഷനിൽ ആയ ഉദ്യോഗസ്ഥരുടെ വിശദീകരണം തൃപ്തികരമല്ലെന്ന് വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു.
Adjust Story Font
16