Quantcast

സ്വർണക്കടത്ത്: എൻ.ഐ.എ കേസിൽ ജാമ്യം തേടി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ

കഴിഞ്ഞ വർഷം ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    5 July 2021 1:32 PM GMT

സ്വർണക്കടത്ത്: എൻ.ഐ.എ കേസിൽ ജാമ്യം തേടി സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ
X

സ്വർണക്കടത്തിലെ എൻ.ഐ.എ കേസിൽ ജാമ്യം തേടി സ്വപ്ന സുരേഷ് ഹൈക്കോടതിയെ സമീപിച്ചു.തനിക്കെതിരായ യു.എ.പി.എ കേസ് നിലനിൽക്കില്ലെന്നാണ് സ്വപ്നയുടെ വാദം. സ്വർണക്കടത്ത് കേസിലെ വിചാരണ ആരംഭിക്കുന്നത് അനന്തമായി നീളുകയാണെന്നും സ്വപ്ന ഹരജിയിൽ പറഞ്ഞു.

നേരത്തെ എൻ.ഐ.എ പ്രത്യേക കോടതിയിൽ സ്വപ്ന സുരേഷ് ജാമ്യഹരജി നൽകിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. നയതന്ത്ര ബാഗേജ് മുഖേന സ്വർണക്കടത്ത് നടത്തിയത് പിടിക്കപ്പെട്ടിട്ട് ഒരു വർഷം തികയുന്ന ദിവസമാണ് സ്വപ്ന ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ അഞ്ചിനാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നയതന്ത്ര ബാഗേജ് വഴി കടത്തിയ സ്വർണം കസ്റ്റംസ് പിടികൂടിയത്.

യു.എ.ഇ കോൺസുലേറ്റ് മുൻ പി.ആർ.ഒ സരിത്തിനെ കസ്റ്റംസും, കോൺസുലേറ്റ് ജീവനക്കാരിയായ സ്വപ്‌ന സുരേഷ് സുഹൃത്ത് സന്ദീപ് നായർ എന്നിവരെ എൻഐഎയും അറസ്റ്റ് ചെയ്തതോടെ സംസ്ഥാനം സമീപകാലത്ത് കണ്ട ഏറ്റവും വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന എം ശിവശങ്കറിനെതിരെ പ്രതികൾ മൊഴി നൽകിയതോടെ സർക്കാരും പ്രതിക്കൂട്ടിലായി. സ്വർണക്കടത്തിൽ ഭീകരവാദ ബന്ധം ഉണ്ടെന്ന് എൻ.ഐ.എ എഫ്‌.ഐ.ആർ ഇട്ടു. തൊട്ടുപിന്നാലെ കള്ളപ്പണ ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. കസ്റ്റംസിനും എൻ.ഐ.എയ്ക്കും മുമ്പ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തു.

കേസിൽ ഇതുവരെ തീവ്രവാദ ബന്ധം തെളിയിക്കാനോ, കോൺസുലേറ്റ് അറ്റാഷെ അടക്കമുള്ളവരെ വിദേശത്ത് പോയി ചോദ്യം ചെയ്യാനോ കേന്ദ്ര ഏജൻസികൾക്ക് കഴിഞ്ഞിട്ടില്ല. നാളെ 2021 ജൂലൈ 5. സ്വർണ്ണക്കടത്ത് വിവാദം പറന്നിറങ്ങിയിട്ട് ഒരു വർഷം. എന്നിട്ടും എല്ലാം തുടങ്ങിയിടത്ത് തന്നെ. സ്വർണം ആരയച്ചു?. ആർക്കുവേണ്ടി അയച്ചു? എന്ന് അന്വേഷണ ഏജൻസികൾക്ക് ഇന്നും ഉത്തരമില്ല.

TAGS :

Next Story