Quantcast

'സ്വപ്‌നയുടെ ആരോപണം ആർ.എസ്.എസ് ഗൂഢാലോചന, പി.സി ജോർജ് വെറും ചട്ടുകം'; സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഡി.വൈ.എഫ്.ഐ

സരിത്തിനെ കസ്റ്റഡിയിലെടുത്തതിൽ ദുരൂഹതകളൊന്നുമില്ലെന്നും പലരെയും തെറ്റിദ്ധരിപ്പിച്ചയാളാണ് സരിത്തെന്നും എ.എ റഹീം പറഞ്ഞു

MediaOne Logo

Web Desk

  • Published:

    8 Jun 2022 11:54 AM GMT

സ്വപ്‌നയുടെ ആരോപണം ആർ.എസ്.എസ് ഗൂഢാലോചന, പി.സി ജോർജ് വെറും ചട്ടുകം; സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഡി.വൈ.എഫ്.ഐ
X

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണം ആർ.എസ്.എസ് ഗൂഢാലോചനയെന്ന് ഡി.വൈ.എഫ്.ഐ. കേരളത്തിന്‍റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ആസൂത്രിത നീക്കമാണ് നടന്നതെന്നും സംഭവത്തില്‍ സർക്കാർ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ റഹീം പറഞ്ഞു.

പി.സി ജോർജും സ്വപ്നയും തമ്മിൽ 19 തവണയാണ് ഫോൺ സംഭാഷണം നടത്തിയത്, ഗൂഢാലോചന വളരെ വ്യക്തമാണ്, പി.സി ജോർജ് വെറും ചട്ടുകമാണെന്നും റഹീം ആരോപിച്ചു. അതേസമയം, സരിത്തിനെ കസ്റ്റഡിയിലെടുത്തതില്‍ ദുരൂഹതകളൊന്നുമില്ലെന്നും പലരെയും തെറ്റിദ്ധരിപ്പിച്ച ആളാണ് സരിത്തെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും പഴയ നുണക്കഥകൾ രഹസ്യമൊഴിയായി പ്രചരിപ്പിക്കുകയാണെന്നുമാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിലെ വിമർശനം.

നിയമപരമായ താല്‍പര്യം മൂലമാണ് മൊഴി നൽകിയതെങ്കിൽ അത് പുറത്ത് പറയില്ല. മുഖ്യമന്ത്രിക്കെതിരെ മൊഴി കൊടുക്കാൻ സമ്മർദമുണ്ടെന്ന് സ്വപ്ന നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെയും കുടുംബത്തെയും തേജോവധം ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കേരളത്തിന്‍റെ പൊതുസമൂഹം ഉണരണമെന്നും സി.പി.എമ്മിന്‍റെ പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, നുണപ്രചാരണങ്ങൾ അതിന്റെ വഴിക്ക് പോകട്ടെയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. പ്രളയത്തെപോലും മറികടക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ നുണപ്രചാരണം. ജനങ്ങൾ ഇതെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story