Quantcast

കൊച്ചിയില്‍ സ്വിഗ്ഗി ഡെലിവറി ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടങ്ങി

സമരം അവസാനിപ്പിക്കാന്‍ കൊച്ചി റിജിയണല്‍ ജോയിന്‍റ് ലേബര്‍ കമ്മീഷണര്‍ തൊഴിലാളികളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    14 Nov 2022 2:12 AM GMT

കൊച്ചിയില്‍ സ്വിഗ്ഗി ഡെലിവറി ജീവനക്കാരുടെ അനിശ്ചിതകാല സമരം തുടങ്ങി
X

കൊച്ചി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിയുടെ കൊച്ചിയിലെ ഡെലിവറി ജീവനക്കാര്‍ അനിശ്ചിത കാല സമരം തുടങ്ങി. മതിയായ വേതനം ലഭിക്കാത്തതും തൊഴില്‍ ചൂഷണവും ഉന്നയിച്ചാണ് സമരം. സമരം അവസാനിപ്പിക്കാന്‍ കൊച്ചി റിജിയണല്‍ ജോയിന്‍റ് ലേബര്‍ കമ്മീഷണര്‍ തൊഴിലാളികളെ ചര്‍ച്ചക്ക് വിളിച്ചിട്ടുണ്ട്. ഉച്ചക്ക് 12 മണിക്കാണ് ചര്‍ച്ച. സ്വിഗ്ഗി കമ്പനിയുടെ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുക്കും.

വളരെ തുച്ഛമായ തുകയാണ് ജീവനക്കാർക്ക് ലഭിക്കുന്നതെന്നാണ് ആരോപണം. നാല് കിലോമീറ്റർ അകലേക്ക് ഭക്ഷണം എത്തിക്കുന്ന ജീവനക്കാരന് ലഭിക്കുക 20 രൂപ മാത്രമാണ്. ഇത്തരത്തിൽ പോയി, തിരിച്ചെത്തുമ്പോൾ 8 കി.മി ആണ് ജീവനക്കാർ സഞ്ചരിക്കേണ്ടി വരുന്നത്. നിരക്ക് 20 രൂപയിൽ നിന്ന് 35 രൂപയാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് സ്വിഗി ജീവനക്കാർ പറയുന്നത്. ഈ പ്രശ്നം പരിഹരിക്കാൻ കമ്പനി തയ്യാറാകാത്തതോടെയാണ് അനിശ്ചിതകാല ലോഗൗട്ട് സമരം ജീവനക്കാർ പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസം സ്വിഗ്ഗി കേരള സോണ്‍ മേധാവികൾ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഒക്ടോബറിൽ സമരം നടത്തിയെങ്കിലും രണ്ടാഴ്ചക്കുള്ളിൽ പരിഹരിക്കുമെന്നായിരുന്നു ഉറപ്പ്. ഇതും പാലിച്ചില്ല. മറ്റൊരു തേർഡ് പാർട്ടി അപ്ലിക്കേഷന് സ്വി​ഗ്ഗി ഡെലിവറി അനുമതി കൊടുത്തതും സ്വി​ഗ്ഗി വിതരണക്കാർക്ക് തിരിച്ചടിയാണ്. നാല് കിലോമീറ്ററിന് സ്വി​ഗ്ഗി വിതരണക്കാർക്ക് നൽകുന്നതിലും ഇരട്ടി ഇവർക്ക് കൊടുക്കുന്നു എന്നും ആക്ഷേപമുണ്ട്.

ഉപഭോക്താക്കളിൽ നിന്നും മഴയത്ത് വാങ്ങുന്ന അധിക തുകയും വിതരണക്കാർക്ക് കിട്ടുന്നില്ലെന്നും പരാതിയുണ്ട്. വിതരണക്കാർക്കുള്ള വിഹിതം കുറയുന്നതിൽ സൊമാറ്റോ വിതരണക്കാരും സമരത്തിലേക്ക് കടക്കുകയാണ്. ഇന്ധന വില കുതിച്ചുയർന്ന ഘട്ടത്തിലൊന്നും നിരക്ക് വർധിപ്പിച്ചിരുന്നില്ല. ഇനി ഇതേ നിരക്കിൽ ഡെലിവറി നടത്തുന്നത് ലാഭകരമല്ലെന്ന് ഡെലിവറി പാർട്ണർമാർ പറയുന്നു.



TAGS :

Next Story