Quantcast

ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്‌ന; മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളി

കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാമെന്നും സ്വപ്ന

MediaOne Logo

Web Desk

  • Published:

    25 Oct 2022 10:43 AM GMT

ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിട്ട് സ്വപ്‌ന; മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളി
X

ആർക്കും അനാവശ്യ സന്ദേശം അയച്ചിട്ടില്ലെന്ന മുൻ നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ വാദത്തിന് ഫേസ്ബുക്കിലൂടെ മറുപടി നൽകി സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്‌ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ ചിത്രങ്ങൾ പങ്കുവച്ച സ്വപ്‌ന, മാനനഷ്ടക്കേസ് കൊടുക്കാനും വെല്ലുവിളിച്ചു. കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കാമെന്നും അവർ പറഞ്ഞു.

'ശ്രീ.പി.ശ്രീരാമകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങൾക്കുമുള്ള ലളിതവും വിനീതവുമായ മറുപടിയും ഒരു ഓർമപ്പെടുത്തലും മാത്രമാണ് ഇത്. ഇവ അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങൾ ഓർമിപ്പിക്കുന്നില്ലെങ്കിൽ, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ആ മാന്യനോട് ഞാൻ അഭ്യർഥിക്കുന്നു. അങ്ങനെയെങ്കിൽ ബാക്കിയുള്ള തെളിവുകൾ കൂടി ബഹുമാനപ്പെട്ട കോടതിയിൽ ഹാജരാക്കാൻ എനിക്ക് സാധിക്കും.' - എന്നാണ് സ്വപ്‌നയുടെ കുറിപ്പ്.

ശ്രീരാമകൃഷ്ണന്‍ തന്നോട് തനിച്ച് ഔദ്യോഗിക വസതിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മദ്യപാനത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും സ്വപ്‌ന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ വാദങ്ങൾ തള്ളിയ ശ്രീരാമകൃഷ്ണൻ, കുടുംബത്തോടൊപ്പമാണ് ഔദ്യോഗിക വസതിയിൽ താമസിക്കുന്നതെന്നും അവിടെ ഒരാളെ ഒറ്റയ്ക്ക് ക്ഷണിക്കാനോ മദ്യപാനത്തിന് ക്ഷണിക്കാനോ ഉള്ള മൗഢ്യം തനിക്കില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ്, ശ്രീരാമകൃഷ്ണന്റെയും മദ്യക്കുപ്പിയുടെയും ചിത്രങ്ങൾ സ്വപ്‌ന പുറത്തുവിട്ട് സ്വപ്നയുെട മറുപടി.

ശ്രീരാമകൃഷ്ണന്‍ പറഞ്ഞത്

ഔദ്യോഗിക വസതി നിയമസഭാ കോംപ്ലക്‌സിൽ തന്നെയായതിനാൽ ഓഫീസിൽ നിന്ന് ഇറങ്ങി എന്നറിഞ്ഞാൽ വീട്ടിലേക്ക് സന്ദർശകർ വരുന്നത് പുതുമയുള്ള കാര്യമല്ലായിരുന്നു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയിൽ ശ്രീമതി സ്വപ്‌നയും വന്നിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്ക് ക്ഷണിക്കാനും മറ്റും വരുന്ന സമയത്ത് ഭർത്താവും, മകനും ഒരുമിച്ചാണ് വന്നിട്ടുള്ളത്. ഔദ്യോഗികവസതി എത്തുന്നതിനു മുൻപ് പൊലീസ് കാവൽ ഉള്ള 2 ഗേറ്റുകൾ കടക്കണം, ഔദ്യാഗിക വസതിയിൽ താമസക്കാരായ 2 ഗൺമാൻമാരും 2 അസിസ്റ്റൻറ് മാനേജർമാരും ഡ്രൈവർമാരും പിഎയും, കുക്കുമാരുമെല്ലാം ഉണ്ട്. അതിനുപുറമേ പകൽസമയങ്ങളിൽ ദിവസവേതനക്കാരായ ക്ലീനിങ് സ്റ്റാഫുകൾ, ഗാർഡൻ തൊഴിലാളികളും എല്ലാമുള്ളപ്പോൾ . ഇവരുടെ എല്ലാം കണ്ണുവെട്ടിച്ച് ആരെങ്കിലും ഒറ്റക്ക് വസതിയിൽ വരണമെന്ന് ആവശ്യപ്പെടാനുള്ള മൗഢ്യം എനിക്കില്ല.മാത്രമല്ല ഔദ്യോഗിക വസതിയിൽ താമസിച്ചത് എൻറെ കുടുംബത്തോടൊപ്പമാണ്. ഭാര്യയും മക്കളും അമ്മയും ചേർന്ന് കുടുംബത്തോടൊപ്പം താമസിക്കുന്നിടത്ത് നിത്യേന മദ്യപാന സദസ് ഉണ്ടായിരുന്നു എന്നാണ് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തതായി കണ്ടത്. അത്തരമൊരു തലത്തിലേക്ക് തരം താഴാൻ മാത്രം സംസ്‌ക്കാര ശൂന്യനല്ല ഞാൻ. മകൾ പള്ളിപ്പുറം ഏഷ്യൻ സ്‌കൂൾ ഓഫ് മാനേജ്‌മെന്റിലും, മകൻ സെന്റ് ജോസഫ് ഹൈസ്‌കൂളിലും ആണ് പഠിച്ചിരുന്നത്. ഭാര്യ വിദ്യാഭ്യാസ വകുപ്പിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്നതിനാലും എല്ലാവരും തിരുവനന്തപുരത്തായിരന്നു. അമ്മ പൂർണമായും എന്റെ കൂടെ തന്നെയായിരുന്നു. ആരോടും അപമര്യാദയായി പെരുമാറുന്ന രീതി എനിക്കില്ല. എന്നെ സന്ദർശിക്കുന്നവരോടെല്ലാം അത് പുരുഷനായാലും, സ്ത്രീയായാലും സ്‌നേഹത്തോടും സൗഹൃദത്തോടും വിനയത്തോടുമാണ് പെരുമാറിയിട്ടുള്ളത്. അതിൽ തെറ്റിദ്ധാരണ ഉള്ളതായിട്ട് 40 വർഷത്തെ പൊതു ജീവിതത്തിനിടയിൽ ആരെങ്കിലും പരാതിപ്പെട്ടതായി എന്റെ അറിവിൽ ഇല്ല. ഞാൻ ആർക്കും അനാവശ്യ സന്ദേശങ്ങൾ അയച്ചിട്ടുമില്ല. സ്വർണക്കടത്ത് കേസ് അന്വേഷണമാരംഭിച്ച് വർഷങ്ങൾ കഴിഞ്ഞ് കുറ്റപത്രം സമർപ്പിച്ചു കഴിഞ്ഞതിനുശേഷം ഇത്തരം അസംബന്ധം പ്രചരിപ്പിക്കുന്നത് ആർക്കുവേണ്ടിയാണ് എന്ന് വ്യക്തമാണ്.

കോൺസുലേറ്റിന്റെ പല കാര്യങ്ങൾക്കുമായി എന്റെ ഓഫീസ് മുഖേന ശ്രീമതി സ്വപ്‌നയെ ബന്ധപ്പെട്ടിട്ടുണ്ട് . എന്നാൽ യു.എ.ഇ കോൺസുലേറ്റിൽ ഞാൻ ഇതുവരെ സന്ദർശിച്ചിട്ടില്ല. ആ കെട്ടിടം കണ്ടിട്ടുമില്ല. ചില ഇഫ്താർ വിരുന്നുകളിൽ കണ്ടിട്ടുള്ളതല്ലാതെ അറ്റാഷെയുമായി എനിക്ക് സൗഹൃദമില്ല. അദ്ദേഹത്തിന്റെ ഫോൺ നമ്പർ പോലും കൈവശമില്ല. ഒരിക്കൽ പോലും അദ്ദേഹത്തെ ഫോൺ ചെയ്തിട്ടുമില്ല. ഒരു കോൺടാക്റ്റുമില്ലാത്ത ഒരാളുമായി ചേർന്ന് ഇടപാടുകൾ എന്നെല്ലാം പറയുമ്പോൾ അത് ക്രൂരമായ ആരോപണമാണ്. കാടടച്ച് വെടിവെക്കും പോലെ എന്തും വിളിച്ച് പറയുന്ന മാനസികാവസ്ഥയുള്ള ഒരാളുടെ പുറകിൽ രാഷ്ട്രീയ താത്പര്യം വെച്ച് പുറകെ കൂടുന്നവർ ഓർമ്മിക്കുക സത്യം എത്ര ആഴത്തിൽ കുഴിച്ചിട്ടാലും ഒരുന്നാൾ പുറത്ത് വരിക തന്നെ ചെയ്യും. നിരുത്തരവാദപരവും നികൃഷ്ടവുമായ രീതിയിൽ വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ഓൺലൈൻ മാധ്യമ പ്രഭൃതികൾ അവർ ഇതുവരെ പ്രചരിപ്പിച്ച വൈദേശിക ബന്ധങ്ങളെയും സാമ്പത്തിക ഇടപാടുകളെ കുറിച്ചടക്കമുള്ള വാർത്തകളിൽ സത്യത്തിന്റെ ഒരു കണിക പോലും ഉണ്ടെങ്കിൽ പുറത്തു കൊണ്ടു വരട്ടെ.

TAGS :

Next Story