Quantcast

കാന്തപുരം മുഖ്യമന്ത്രിയെ കണ്ടു; പാഠ്യപദ്ധതി പരിഷ്‌കരണം വിശ്വാസികളുടെ ആശങ്ക പരിഹരിച്ച് നടപ്പിലാക്കും

പാഠ്യപദ്ധതി പരിഷകരണ കരട് റിപ്പോർട്ടിലെ നിർദേശങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കരട് റിപ്പോർട്ടും നിവേദനത്തിലെ ആശങ്കകളും ഗൗരവ പൂർവം പരിശോധിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന്‌ മുഖ്യമന്ത്രി വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2022-09-13 16:25:18.0

Published:

13 Sep 2022 3:59 PM GMT

കാന്തപുരം മുഖ്യമന്ത്രിയെ കണ്ടു; പാഠ്യപദ്ധതി പരിഷ്‌കരണം വിശ്വാസികളുടെ ആശങ്ക പരിഹരിച്ച് നടപ്പിലാക്കും
X

തിരുവനന്തപുരം: സംസ്ഥനത്തെ സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറയി വിജയൻ. വിദ്യാഭ്യാസ കരിക്കുലം-കരട്-നിർദേശങ്ങൾ വിശദമായി പരിശോധിച്ച് വിശ്വാസി സമൂഹത്തിന്റെ ആശങ്ക പരിഹരിച്ച ശേഷമേ നടപ്പാക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായി ക്ലിഫ്ഹൗസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി സർക്കാർ നിലപാട് വ്യക്തമാക്കിയത്. പാഠ്യപദ്ധതി പരിഷകരണ കരട് റിപ്പോർട്ടിലെ നിർദേശങ്ങളുമായി ബന്ധപ്പെട്ട ആശങ്കകൾ ചൂണ്ടിക്കാട്ടി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. കരട് റിപ്പോർട്ടും നിവേദനത്തിലെ ആശങ്കകളും ഗൗരവ പൂർവം പരിശോധിച്ചായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാഠ്യപദ്ധതി പരിഷ്‌കരണ ശ്രമങ്ങളെ അഭിനന്ദിക്കുന്നു. എന്നാൽ രാഷ്ട്രീയ എതിരാളികൾക്കും ഉദ്യോഗസ്ഥർക്കും വ്യാഖ്യാനിച്ച് സർക്കാറിനെ പ്രതിരോധത്തിലാക്കാൻ കഴിയുന്ന ചില പരാമർശങ്ങൾ കരടിൽ കടന്നുകൂടിയിട്ടുണ്ട്. ഇതിന് പുറമെ സ്‌കൂൾ അധികൃതരും പിടിഎയും വ്യാഖ്യാനിച്ചു രക്ഷിതാക്കളെയും വിദ്യാർഥികളെയും പ്രകോപിതരാക്കാനുമുള്ള സാധ്യതയുണ്ട്. മത വൈവിധ്യങ്ങളും സാംസ്‌കാരിക വൈജാത്യങ്ങളും യാഥാർഥ്യമാണെന്നിരിക്കെ കരിക്കുലം ഈ അടിസ്ഥാന ആശയത്തെ നിരാകരിക്കുന്നതാകരുത്. നാം കാലങ്ങളായി കാത്തുസൂക്ഷിച്ചു വരുന്ന സംസ്‌കൃതിയെയും കുടുംബ ബന്ധങ്ങളെയും നമ്മുടെ അളവിൽ ഉൾകൊള്ളുന്നില്ലെന്നതിനാൽ യൂറോപ്യൻ രാജ്യങ്ങളുടെ വിദ്യാഭ്യാസ പദ്ധതികൾ പൂർണമായും പ്രയോഗവത്കരിക്കൽ കേരളത്തിന് അനുയോജ്യമല്ല. സ്ത്രീ സമൂഹത്തിന് മതിയായ പരിഗണനയും നീതിയും ബഹുമാനവും ലഭിക്കേണ്ടത് ആവശ്യമാണ്. എന്നാൽ ആണും പെണ്ണും ഒന്നിച്ചിരുന്നത് കൊണ്ട് രാജ്യത്ത് പുരോഗതി ഉണ്ടാക്കാനും ലൈംഗിക അതിക്രമങ്ങളെ തടയാനും കഴിയില്ല. പകരം അരാജകത്വവും അസ്വസ്ഥക്കും ഇത് കാരണമായി തീരുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ലിംഗ സമത്വമെന്ന വാദം തന്നെ അശാസ്ത്രീയമാണ്. സ്‌കൂൾ സമയ മാറ്റത്തെ കുറിച്ച് ചർച്ച ചെയ്യാൻ കരട് രേഖയിൽ സൂചനയുണ്ട്. നിലവിലെ ധാർമിക വിദ്യാഭ്യാസത്തിന് തടസ്സം വരാത്ത രീതിയിൽ ഇത് ക്രമീകരിക്കണം. ഡിജിറ്റൽ യുഗത്തിൽ മൂല്യ തകർച്ച സംഭവിച്ച സാമൂഹിക ഇടപെടൽ, മനുഷ്യബന്ധങ്ങൾ, സഹകരണം, സഹവർത്തിത്വം എന്നിവയെ പാഠ്യപദ്ധതിയിൽ സംബോധന ചെയ്യണം. വിവിധ ഏജൻസികൾ നടത്തുന്ന പ്രീ പ്രൈമറി വിദ്യാഭ്യാസത്തെ ഏകീകരിക്കാനുള്ള നിർദേശം നടപ്പിലാക്കുമ്പോൾ നിലവിൽ ലാഭകരമല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ നില നിർത്താനുള്ള പദ്ധതികൾ ആവിഷ്‌കരിക്കണം, സാമൂഹിക ശാസ്ത്ര വിദ്യാഭ്യാസത്തിൽ സനാതന ധാർമിക മൂല്യങ്ങൾ ഉൾപ്പെടുത്തണം, ലിംഗസമത്വം ദുർവ്യാഖ്യാനത്തിന് അവസരമൊരുക്കുന്നത് ഒഴിവാക്കണം, കരട് നിർദേശങ്ങൾ അന്തിമമാക്കുന്നതിനുമുമ്പ് കേരള മുസ്ലിം ജമാഅത്ത് ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങളുമായി സർക്കാർ ചർച്ച നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടിക്കാഴ്ചയിൽ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിമാരായ വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, എൻ അലി അബ്ദുല്ല, എ സൈഫുദ്ദീൻ ഹാജി, എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി പങ്കെടുത്തു.

TAGS :

Next Story