പൊതുവേദിയിൽ പെൺവിലക്ക്: എം.ടി അബ്ദുല്ല മുസ്‌ലിയാരെ പ്രതിരോധിച്ച് എസ്.വൈ.എസ്; കേസെടുക്കാനുള്ള നീക്കം നിയമപരമായി നേരിടും
ബാലാവകാശ കമ്മീഷൻ കേസെടുത്ത സാഹചര്യത്തിലാണ് പ്രതികരണം
കോഴിക്കോട്: സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്‍ലിയാർക്കെതിരെ കേസെടുക്കാനുള്ള നീക്കം നിയമപരമായി നേരിടുമെന്ന് സുന്നി യുവജന സംഘം. സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്ത സാഹചര്യത്തിലാണ് എസ്.വൈ.എസിന്റെ പ്രതികരണം.
ഇസ്ലാമിലെ ഹിജാബ് നിയമം ഉപദേശിക്കുകയാണ് സമസ്ത നേതാവ് ചെയ്‌തെതെന്നും എസ്.വൈ.എസ് പ്രസ്താവനയിൽ അറിയിച്ചു. സമസ്ത നേതാവിനെ ഒറ്റപ്പെടുത്താനുള്ള ഗൂഢനീക്കങ്ങൾ എന്തുവിലകൊടുത്തും ചെറുക്കുമെന്നും എസ്.വൈ.എസ് പറയുന്നു. മുതിർന്ന പെൺകുട്ടികളെ പരപുരഷൻമാർക്കിടയിൽ പ്രദർശിപ്പിക്കരുത് എന്ന് ഉത്തരവാദപ്പെട്ട മുസ്‍ലിം പണ്ഡിതൽ മദ്രസാ അധ്യാപകരോട് ഉപദേശിച്ചതിന്റെ പേരിലാണ് അദ്ദേഹത്തെ ഒറ്റപ്പെടുത്താനും ഇസ്‍ലാമിക നിയമങ്ങളെ പരിഹസിക്കാനും ചിലർ ശ്രമിക്കുന്നതെന്നും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതേ സമയം വിവാദ വിഷയത്തെ മറച്ചുവെക്കാൻ മറ്റു സമുദായങ്ങളിലോ രാഷ്ട്രീയ പാർട്ടികളിലോ നടക്കുന്ന സ്ത്രീ വിരുദ്ധ നടപടികൾ ചർച്ചയാക്കേണ്ട ഗതികേടൊന്നും മുസ് ലിം സമുദായത്തിനില്ലെന്ന് എസ്.കെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം.
'അടിസ്ഥാന പരമായി, വിവാദമാക്കിയ സംഭവത്തിൽ തെറ്റുപറ്റിയിട്ടില്ല, തിരുത്തേണ്ടതുമില്ല. അതു കൊണ്ട് തന്നെ നിങ്ങളും അങ്ങനെ ചെയ്തില്ലേ എന്ന് തിരിച്ച് പറയുന്ന തറവേലക്ക് നമ്മളില്ല. മത സ്ഥാപനങ്ങളിൽ മത നിയമങ്ങൾ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും ഇനിയും ശ്രമങ്ങൾ തുടരും. ഒറ്റപ്പെട്ട കേന്ദ്രങ്ങളിൽ അത് ലംഘിക്കപ്പെടുമ്പോൾ ഇത്തരം ശാസനകൾ തുടരുകയും ചെയ്യുമെന്നും' അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
'ആൺകുട്ടികളും പെൺകുട്ടികളും കാമ്പസുകളിൽ ധാർമികതയുടെ അതിരുകൾ ലംഘിക്കാതിരിക്കണമെന്ന് അവർക്കും അവരുടെ രക്ഷിതാക്കൾക്കും ആഗ്രഹിക്കാവുന്നതും അതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാവുന്നതുമാണ്. ഇതിനെ പെണ്ണിനെ തളച്ചിടാനുള്ള നീക്കമായി പറയുന്നവർ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡൻ്റ്സ് ഹോസ്റ്റലിൽ പോലും ഏത് പാതിരാത്രിയിലും ആൺ പെൺ വ്യത്യാസമില്ലാതെ ഒരുമിച്ച് അഴിഞ്ഞാടാൻ അവസരം നൽകുന്നതിനെ എന്താണ് വിളിക്കുക? ഇത് സ്ത്രീ സ്വാതന്ത്ര്യമാണോ ? ഈ സ്വാതന്ത്ര്യം നിങ്ങളുടെ മക്കൾക്ക് നിങ്ങൾ വകവെച്ചു കൊടുക്കുമോ ? ആ സ്വാതന്ത്ര്യം നിങ്ങളുടെ മക്കൾ അനുഭവിക്കുന്നതിൽ നിങ്ങൾ അഭിമാനിക്കുന്നവരാണോ ? എന്നും സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.
Adjust Story Font
16