Quantcast

താമിർജിഫ്രി കസ്റ്റഡി കൊല; പൊലീസ് അട്ടിമറിയുടെ തെളിവുകൾ മീഡിയവണിന്

മരണം സംഭവിച്ച സ്ഥലം രേഖകളിൽ നിന്ന് മറച്ചുവക്കാൻ പൊലീസ് നടത്തിയ നീക്കങ്ങളുടെ തെളിവുകൾ മീഡിയവണിന് ലഭിച്ചു

MediaOne Logo

Web Desk

  • Updated:

    2023-09-10 03:09:00.0

Published:

10 Sep 2023 2:51 AM GMT

Tamirjifri
X

മലപ്പുറം: താമിർ ജിഫ്രി കസ്റ്റഡി കൊലപാതക കേസ് അട്ടിമറിക്കാൻ പൊലീസ് നടത്തിയ ഗൂഢ നീക്കങ്ങളുടെ തെളിവ് പുറത്ത്. മരണം സംഭവിച്ച സ്ഥലം രേഖകളിൽ നിന്ന് മറച്ചുവക്കാൻ പൊലീസ് നടത്തിയ നീക്കങ്ങളുടെ തെളിവുകൾ മീഡിയവണിന് ലഭിച്ചു. വ്യാജ വിവരങ്ങൾ നൽകി തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് തെറ്റായ മരണ രേഖയുണ്ടാക്കാനാണ് പൊലീസ് ശ്രമിച്ചത്. വ്യാജ വിവരങ്ങൾ നൽകി മൂന്ന് തദ്ദേശ സ്ഥാപനങ്ങളിൽനിന്ന് മരണ സർട്ടിഫിക്കറ്റുണ്ടാക്കാൻ പൊലീസ് ശ്രമിച്ചു.

മലപ്പുറം എസ് പിയുടെ കീഴിലുള്ള പ്രത്യേക സംഘമായ താനൂരിലെ ഡാൻസാഫിന്റെ താമസ സ്ഥലത്തുവച്ചാണ് താമിർ ജിഫ്രി കസ്റ്റഡി മർദനത്തിനിരയായി കൊല്ലപ്പെടുന്നത്. ആഗസ്റ്റ് ഒന്നിനായരുന്നു സംഭവം. കൊല നടന്ന ശേഷം മൃതദേഹം താനാളൂർ പഞ്ചായത്തിലെ മൂലക്കലിലെ അജിനോറ ആശുപത്രിയിലെത്തിച്ചു. പിന്നീട് മരണ സർട്ടിഫിക്കറ്റിനായി താനാളൂർ പഞ്ചായത്ത് ഓഫീസിൽ പൊലീസ് അപേക്ഷ നൽകി. മരണം സംഭവിച്ചത് അജിനോറ ആശുപത്രിയിൽ വച്ചാണെന്നായിരുന്നു ഈ അപേക്ഷയിൽ പൊലീസ് നൽകിയ വിവരം.

ആശുപത്രിയിൽ മരണം സംഭവിച്ചാൽ സേവന ആപ് വഴി ആശുപത്രി അധികൃതർ തന്നെ മരണം രേഖപെടുത്തും. എന്നാൽ താമിർ ജിഫ്രിയുടെ മരണം ആശുത്രിയിൽ വച്ച് അല്ലാത്തതിനാൽ സേവന ആപിൽ അങ്ങിനെ രേഖപ്പെടുത്തിയിരുന്നില്ല. ഇത് കണ്ടെത്തിയ താനാളൂർ ഗ്രാമ പഞ്ചായത്ത് പൊലീസിന്റെ അപേക്ഷ നിരസിച്ചു. നിയമ വിരുദ്ധമായി മരണ സർട്ടിഫിക്കറ്റ് അനുവദിക്കാൻ കഴിയാത്തതിനാൽ അപേക്ഷ സ്വീകരിക്കുക പോലും ചെയ്യാതെ താനാളൂർ പഞ്ചായത്ത് അത് തിരിച്ചു നൽകി.

പിന്നീട് ഓഗസ്റ്റ് 9 ന് പൊലീസ് രണ്ടാമത്തെ അപേക്ഷ നൽകി. ഇത് താനൂർ നഗരസഭയിലായിരുന്നു. ഇതിലും അജിനോറ ആശുപത്രിയിൽ വച്ച് മരിച്ചു എന്നാണ് രേഖപെടുത്തിയത്. നഗരസഭക്ക് പുറത്തുള്ള ആശുപത്രിയുടെ പേരിലാണ് പൊലീസ് രണ്ടാം അപേക്ഷ നൽകിയത്. സേവന വഴി മരണ വിവരം ആശുപത്രി നിലനിൽക്കുന്ന തദ്ദേശ സ്ഥാപനത്തിന് ലഭിക്കണമെന്ന നിയമം മറികടക്കാനായിരുന്നു പൊലീസിന്റെ ഈ നീക്കം. എന്നാൽ അതും പരാജയപ്പെട്ടു.

ആശുപത്രി തങ്ങളുടെ പരിധിയിൽ അല്ലെന്ന് നഗരസഭ മറുപടി നൽകിയപ്പോൾ മരണ സ്ഥലം പൊലീസ് മാറ്റി. ആശുപത്രിയിലേക്ക് കണ്ടുപോകുന്നതിനിടെ യാത്രാമധ്യേ മരിച്ചുവെന്ന് പൊലീസ് നഗരസഭക്ക് വിശദീകരണം നൽകി. ഇതും നഗരസഭ അംഗീകരിച്ചില്ല.

ഇതോടെ പൊലീസ് മൂന്നാമത്തെ തദ്ദേശ സ്ഥാപനത്തെ സമീപിച്ചു. താമിർ ജിഫ്രിയുടെ താമസ സ്ഥലവും ,ഖബറടക്കം നടത്തിയ പള്ളിയും ഉൾപെടുന്ന അബ്ദുറഹ്മാൻ നഗർ പഞ്ചായത്തിലാണ് മൂന്നാമത്തെ അപേക്ഷ നൽകിയത്. ഇതിൽ മരണ സ്ഥലം എവിടെയെന്ന് രേഖപ്പെടുത്തിയില്ല. അതിനാൽ അവരും തള്ളി.

മരണം സംഭവിച്ചാൽ 20 ദിവസത്തിനകം മരണ സർട്ടിഫിക്കറ്റിനായി അപേക്ഷിക്കണം. ഇല്ലെങ്കിൽ അടുത്ത 7 ദിവസത്തിനകം പിഴ നൽകി അപേക്ഷിക്കാം. പിഴ നൽകി അപേക്ഷികാനുള്ള അവസാന ദിവസമാണ് പൊലീസ് എ ആർ നഗറിൽ അപേക്ഷ നൽകിയത്. കേസ് അട്ടിമറിക്കാൻ സാധ്യമായ എല്ലാ വഴികളിലും അവസാന സമയം വരെ പൊലീസ് ശ്രമം നടത്തിയെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. മൂന്ന് അപേക്ഷയിലും മരണകാരണം രേഖപെടുത്തിയിരുന്നുമില്ല.

TAGS :

Next Story