Quantcast

താനൂർ ബോട്ട് അപകടം: ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് സർക്കാർ ധനസഹായം ലഭിച്ചില്ല

സർക്കാർ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചതോടെ മറ്റു സഹായങ്ങൾ ലഭിക്കാത്ത സാഹചര്യമാണ്

MediaOne Logo

Web Desk

  • Published:

    7 March 2024 3:00 AM GMT

tanur boat tragedy
X

താനൂര്‍ ബോട്ടപകടം

മലപ്പുറം: താനൂർ ബോട്ട് അപകടത്തിൽ രക്ഷപ്പെട്ട് ചികിത്സയിൽ കഴിയുന്ന കുട്ടികൾക്ക് സർക്കാർ ഇതുവരെ ചികിത്സാ ധനസഹായം നൽകിയില്ലെന്ന് കുടുംബങ്ങൾ. അപകട സമയത്ത് സർക്കാർ ചികിത്സ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു . എന്നാൽ, സർക്കാർ പണം നൽകിയില്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്. ലക്ഷക്കണക്കിന് രൂപയാണ് ചികിത്സക്കായി ഇതിനോടകം ചെലവഴിച്ചത്. 2023 മെയ്‌ 7ന് വൈകുന്നേരമാണ് 22 പേരുടെ മരണത്തിനിടയാക്കിയ നാടിനെ നടുക്കിയ താനൂർ ബോട്ട് അപകടം സംഭവിക്കുന്നത്.

ചികിത്സാ സഹായത്തിനായി ഒരുപാട് ഓഫിസുകളിലടക്കം കയറി ഇറങ്ങിയിട്ടുണ്ടെന്ന് പരിക്കേറ്റ കുട്ടിയുടെ പിതാവ് മുഹമ്മദ് ജാബിർ പറഞ്ഞു. ജില്ലാ കലക്ടർക്കും വില്ലേജ് ഓഫിസിലും പരാതി നൽകി. നഗരസഭയിലും പരാതി കൊടുത്തു. മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് കൊടുത്തു. എം.എൽ.എ മുഖാന്തരവും കത്ത് നൽകി. എന്നിട്ടും ഇതുവരെ ധനസഹായം ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

അപകടത്തിൽ ജാബിറിന്റെ ഭാര്യയും മകനും മരണപെട്ടിരുന്നു. കൂടെയുണ്ടായിരുന്ന 10ഉം 8ഉം വയസ്സുള്ള രണ്ട് പെൺമക്കളാണ് രക്ഷപ്പെട്ടത്. ഇവരുടെ ചികിത്സക്കായി ലക്ഷങ്ങളാണ് ചെലവായത്. സർക്കാർ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചതോടെ മറ്റു സഹായങ്ങൾ ലഭിക്കാത്ത സാഹചര്യമാണെന്ന് ജാബിർ പറയുന്നു.

സർക്കാറിന് ചികിത്സാസഹായം തരാൻ കഴിയില്ലെങ്കിൽ അത് അറിയിക്കണം. എങ്കിൽ മറ്റുള്ള സഹായങ്ങൾ ലഭ്യമാകും. ഒമ്പത് മാസത്തിനുള്ളിൽ രണ്ട് കുട്ടികൾക്കുമായി 24 ലക്ഷം രൂപ ചെലവായെന്നും ജാബിർ പറഞ്ഞു.

ജാബിറിന്റെ രണ്ട് സഹോദരങ്ങളുടെ ഭാര്യമാരും ഏഴ് മക്കളും ഉൾപ്പെടെ 11 പേരാണ് കുടുംബത്തിൽനിന്ന് മരണപ്പെട്ടത്. രക്ഷപ്പെട്ടവരിൽ ജാബിറിന്റെ സഹോദരിയും മകളും ഉൾപ്പെടും. ഈ കുടുംബത്തിനും ധനസാഹയം ലഭിച്ചിട്ടില്ല. രണ്ടു വയസ്സുകാരി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ 16,000 രൂപ മാത്രമാണ് ലഭിച്ചത്. അതിനുശേഷം ഇതുവരെ ധനസഹായം ഒന്നും ലഭിച്ചില്ല. കടം വാങ്ങിയും ലോണെടുത്തുമാണ് ചികിത്സ നടത്തുന്നതെന്ന് കുടുംബം പറയുന്നു.

അപകടം സംഭവിച്ച സമയത്ത് ഗുരുതരാവസ്ഥയിലായിരുന്ന കുട്ടികൾക്ക് തെറാപ്പികൾ ഉൾപ്പെടെയുള്ള തുടർ ചികിത്സ നൽകിയതിനെ തുടർന്നാണ് മാറ്റങ്ങൾ കണ്ടുതുടങ്ങിയത്. എന്നാൽ, തുടർചികിത്സക്ക് പണം ഇല്ലാതായതോടെ തെറാപ്പികൾ അടക്കം മുടങ്ങുന്ന സാഹചര്യമാണെന്നും കുടുംബങ്ങൾ പറയുന്നു. നവകേരള സദസ്സിൽ ഉൾപ്പെടെ പരാതികൾ നൽകിയിട്ടുണ്ടെന്നാണ് കുടുംബങ്ങൾ പറയുന്നത്.



TAGS :

Next Story