താനൂർ ബോട്ടപകടം: മരണം 22 ആയി; പോസ്റ്റ്‌മോർട്ടം നടപടികൾ തുടങ്ങി
തിരച്ചിലിനായി നേവിയും എത്തുമെന്നാണ് വിവരം. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചു.
മലപ്പുറം: താനൂർ പൂരപ്പുഴയിൽ ബോട്ട് മുങ്ങി മരിച്ചവരുടെ എണ്ണം 22 ആയി. ഞായറാഴ്ച രാത്രി അപകടം നടന്നത് മുതൽ പുലർച്ചെ വരെ രക്ഷാപ്രവർത്തനം തുടരുകയാണ്. എത്രപേരാണ് ബോട്ടിലുണ്ടായിരുന്നത് എന്നതിൽ വ്യക്തതയില്ലാത്തതിനാൽ തിരച്ചിൽ തുടരുമെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ രാവിലെ ആറിന് തന്നെ തുടങ്ങുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ അറിയിച്ചു.
താനൂർ, പരപ്പനങ്ങാടി, ചെട്ടിപ്പടി സ്വദേശികളാണ് മരിച്ചവരിൽ അധികവും. മരിച്ച അഫ്‌ലഹ്, അൻഷിദ് എന്നിവരുടെ പോസ്റ്റ്‌മോർട്ടം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ നടക്കും. ഹസ്‌ന, ഷഫ്‌ന, ഫാത്തിമ മിൻഹ, സിദ്ദീഖ്, ജൽസിയ, ഫസീന, ഫൈസാൻ, സബറുദ്ദീൻ എന്നിവരുടെ പോസ്റ്റ്‌മോർട്ടം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും സീനത്ത്, ജെറീർ, അദ്‌നാൻ എന്നിവരുടേത് തിരൂർ ജില്ലാ ആശുപത്രിയിലും ഹാദി ഫാത്തിമ, ഷംന, സഹ്‌റ, നൈറ, സഫ്‌ല ഷെറിൻ എന്നിവരുടേത് മലപ്പുറം താലൂക്ക് ആശുപത്രിയിലും റുഷ്ദ, ആദില ഷെറി, ആയിഷാബി, അർഷാൻ എന്നിവരുടെ പോസ്റ്റ്‌മോർട്ടം മഞ്ചേരി മെഡിക്കൽ കോളജിലും നടക്കും.
ഇന്നലെ വൈകീട്ട് ഏഴ്മണിയോടെയാണ് പൂരപ്പുഴയിൽ വിനോദസഞ്ചാര ബോട്ട് മറിഞ്ഞത്. ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകൾ കയറിയതാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. സർക്കാർ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഇന്ന് താനൂർ സന്ദർശിക്കും.
Adjust Story Font
16