താനൂർ ബോട്ടപകടം: ദുരന്തബാധിതർക്ക് മുസ്ലിം ലീഗിന്റെ കൈത്താങ്ങ്
പതിനൊന്നു പേർ മരണപ്പെട്ട പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ കുടുംബത്തിന്റെ ചിരകാലത്തെ വീട് എന്ന സ്വപ്നം മുസ്ലിം ലീഗ് സാക്ഷാത്കരിക്കും
മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ സർവ്വതും നഷ്ടപ്പെട്ട ഹതഭാഗ്യരെ സഹായിക്കാൻ പദ്ധതിയുമായി മുസ്ലിം ലീഗ്. പതിനൊന്നു പേർ മരണപ്പെട്ട പരപ്പനങ്ങാടി പുത്തൻ കടപ്പുറത്തെ കുടുംബത്തിന്റെ ചിരകാലത്തെ വീട് എന്ന സ്വപ്നം മുസ്ലിം ലീഗ് സാക്ഷാത്കരിക്കും. പരപ്പനങ്ങാടി പുത്തൻകടപുറത്തെ പരേതനായ കുന്നുമ്മൽ അബൂബക്കർ എന്നവരുടെ മക്കളായ സൈതലവിയുടെയും സിറാജിന്റെയും ഭാര്യമാരും മക്കളുമാണ് ബോട്ടപകടത്തിൽ മരിച്ച 9 പേർ. ഇവരുടെ സഹോദരിയും മകളുമടക്കം ഈ കുടുംബത്തിന് നഷ്ടപ്പെട്ടത് 11 വിലപ്പെട്ട ജീവനുകളാണ്. ഈ കുടുംബത്തിനാണ് മുസ്ലിം ലീഗ് വീട് നിർമിച്ചു നൽകുന്നത്.
താനൂർ ഓലപ്പീടികയിൽ പിതാവും രണ്ടു സഹോദരങ്ങളും ബോട്ടപകടത്തിൽ നഷ്ടപ്പെട്ട ജുനൈദ് (15), ഫാതിമ റജുവ (7) എന്നിവരുടെ തുടർ വിദ്യാഭ്യാസ ചിലവുകൾ വഹിക്കാനും മുസ്‌ലിം ലീഗ് തീരുമാനിച്ചു. ജൂനൈദിന്റെ പിതാവ് കാട്ടിൽപീടിയേക്കൽ സിദ്ദീഖും മറ്റു രണ്ടു മക്കളും ബോട്ടപകടത്തിൽ മരണപ്പെട്ടു. മറ്റു ദൂരിതബാധിതരുടെ കാര്യങ്ങൾ വിശദമായി പരിശോധിച്ച് ആവശ്യമായ സഹായങ്ങൾ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. പാണക്കാട് ചേർന്ന അടിയന്തര നേതൃയോഗത്തിൽ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ.സലാം, കെ.പി. എ മജീദ് പങ്കെടുത്തു.
Adjust Story Font
16