ഉറ്റവരെ നഷ്ടപ്പെട്ട എല്ലാവരുടേയും ദു:ഖത്തിൽ പങ്കുചേരുന്നു: വി.ഡി സതീശന്‍
സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെയാണ് യാത്ര നടത്തിയത് എങ്കിൽ അത് അതീവ ഗുരുതരമാണെന്നും ഇക്കാര്യം സർക്കാർ പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ്
മലപ്പുറം: ഒട്ടുംപുറം തൂവൽതീരത്ത് പൂരപ്പുഴയിൽ നടന്ന ബോട്ടപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെയാണ് യാത്ര നടത്തിയത് എങ്കിൽ അത് അതീവ ഗുരുതരമാണെന്നും ഇക്കാര്യം സർക്കാർ പരിശോധിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പ്രതിപക്ഷനേതാവിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണരൂപം
മലപ്പുറം താനൂർ ഒട്ടുമ്പുറം തൂവൽതീരത്ത് വിനോദ യാത്ര ബോട്ട് അപകടത്തിൽ പന്ത്രണ്ട് പേർ മരിച്ചു എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ . അങ്ങേയറ്റം ദൗർഭാഗ്യകരമായ സാഹചര്യമാണിത്. അപകടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് സമീപത്തെ ആശുപത്രികളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കണം. അനുവദിക്കപ്പെട്ടതിലും കൂടുതൽ ആളുകൾ ബോട്ടിൽ യാത്ര ചെയ്തു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഇക്കാര്യം സർക്കാർ പരിശോധിക്കണം. സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെയാണ് യാത്ര നടത്തിയത് എങ്കിൽ അത് അതീവ ഗുരുതരമാണ്.യു.ഡി.എഫ് പ്രവർത്തകർ സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് രക്ഷാ പ്രവർത്തനങ്ങളിലും ആശുപത്രികളിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലും സജീവമായി ഇടപെടണം. ഉറ്റവരെ നഷ്ടപ്പെട്ട എല്ലാവരുടേയും ദു:ഖത്തിൽ പങ്കുചേരുന്നു.
അതേ സമയം താനൂര്‍ ബോട്ടപകടത്തില്‍ മരണം 21 ആയി. മരിച്ചവരുടെ കൂട്ടത്തില്‍ ആറ് കുട്ടികളുമുണ്ട്. ബോട്ടപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മോദി അനുശോചനം അറിയിച്ചത്. 'മലപ്പുറത്ത് നടന്ന ബോട്ടപകടത്തിലുണ്ടായ ആളപായത്തിൽ വേദനിക്കുന്നു. മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ടു ലക്ഷം രൂപവീതം ധനസഹായം നൽകും-പ്രധാനമന്ത്രി അറിയിച്ചു.
അവസാന ട്രിപ്പായതിനാൽ ബാക്കിയുള്ളവരെ മുഴുവൻ ബോട്ടില്‍ കയറ്റുകയായിരുന്നു എന്നും ബോട്ടിൽ 40 ലധികം പേരുണ്ടായിരുന്നു എന്നും പ്രദേശവാസികള്‍ പറഞ്ഞു. നിരവധി വിനോദ സഞ്ചാരികൾ വരുന്ന സ്ഥലമാണിതെന്നും 15 പേരെ കൊള്ളുന്ന ബോട്ടിൽ 30ഉം 40ഉം പേരെ കുത്തിനിറച്ച് കൊണ്ടുപോകുന്നതാണ് ഇത് പോലുള്ള അപകടങ്ങള്‍ വിളിച്ച് വരുത്തുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു.
വിനോദയാത്രാ ബോട്ടാണ് മറിഞ്ഞത്. ബോട്ടിൽ 35-ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
ഏഴുപേരെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. രാത്രിയായതിനാൽ വെളിച്ചക്കുറവ് രക്ഷാപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. ബോട്ട് ഇപ്പോഴും വെള്ളത്തിനടിയിലാണ്.
ബോട്ടിൽ ഉൾക്കൊള്ളാവുന്നതിലും കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്തിയതാണ് അപകടകാരണമെന്നാണ് വിവരം. ആറു മണിവരെയാണ് സർവീസിന് അനുമതിയുണ്ടായിരുന്നത് എങ്കിലും അത് ലംഘിച്ചാണ് ഏഴ് മണിക്ക് സർവീസ് നടത്തിയതെന്നും പ്രദേശവാസികൾ പറയുന്നു.
Adjust Story Font
16