Quantcast

"ഏകസിവിൽകോഡ് നടപ്പാകില്ല, കോൺഗ്രസ് ഒപ്പമുണ്ട്"; മുസ്‌ലിം സംഘടനകൾക്ക് ഉറപ്പ് നൽകി താരിഖ് അൻവർ

2018ലെ ദേശീയ നിയമ കമ്മീഷൻ റിപ്പോർട്ടിന് അനുകൂലമായ നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുന്നതായും താരിഖ് അൻവർ സംഘടനകളെ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-07-04 08:13:59.0

Published:

4 July 2023 6:21 AM GMT

tariq anwar
X

ഡൽഹി: ഏക സിവിൽ കോഡ് വിഷയത്തിൽ കേരളത്തിലെ മുസ്‌ലിം സംഘടനകളുമായി എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ചർച്ച നടത്തി. കോൺഗ്രസ് ഒപ്പം ഉണ്ടാകുമെന്ന് മുസ്ലിം സംഘടനകൾക്ക് ഉറപ്പു നൽകി. 2018ലെ ദേശീയ നിയമ കമ്മീഷൻ റിപ്പോർട്ടിന് അനുകൂലമായ നിലപാടിൽ കോൺഗ്രസ് ഉറച്ചു നിൽക്കുന്നതായും താരിഖ് അൻവർ സംഘടനകളെ അറിയിച്ചു.

ഏകസിവിൽകോഡ് വിഷയത്തിൽ കോൺഗ്രസ് മൗനം തുടരുന്നുവെന്ന ആക്ഷേപം സിപിഎം അടക്കം ഉയർത്തുന്ന സാഹചര്യത്തിലാണ് കോൺഗ്രസിന്റെ നീക്കം. ഫോണിലൂടെയാണ് കേരളത്തിലെ മുസ്‌ലിം സംഘടനകളുമായി താരിഖ് അൻവർ ചർച്ച നടത്തിയത്. ഏകസിവിൽകോഡ് രാജ്യത്ത് വേണ്ട എന്ന കാര്യം 2018ലെ ദേശീയ നിയമ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് താരിഖ് അൻവർ ചൂണ്ടിക്കാട്ടി. ഈ നിലപാട് തന്നെയാണ് കോൺഗ്രസിനുള്ളതെന്നും അതിനാൽ മുസ്‌ലിം സംഘടനകൾക്കൊപ്പം നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകസിവിൽകോഡ് വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽ നിന്നാണ് വിമർശനങ്ങൾ ഉയർന്നിരുന്നത്. എന്നാൽ, കരട് രേഖ പുറത്തിറങ്ങിയ ശേഷം നിലപാട് അറിയിക്കാമെന്നായിരുന്നു കോൺഗ്രസിന്റെ പ്രതികരണം. പിന്നാലെ, രൂക്ഷവിമർശനവുമായി സിപിഎം അടക്കം രംഗത്തെത്തി. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് മുസ്‌ലിം സംഘടനകളുമായി താരിഖ് അൻവർ ചർച്ച നടത്തിയത്.

അതേസമയം, ഏക സിവില്‍കോഡ് വിഷയത്തില്‍ സംയുക്തനീക്കം ആലോചിക്കാന്‍ വിളിച്ച മുസ്‍ലിം കോ-ഓർഡിനേഷന്‍ കമ്മിറ്റി യോഗം ഇന്ന് കോഴിക്കോട് നടക്കും. മുസ്‍ലിം ലീഗ് മുന്‍കൈയെടുത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ വിവിധ മുസ്‍ലിം സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കും.

ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രക്ഷോഭ പരിപാടികളും നിയമപോരാട്ട സാധ്യതകളും യോഗം ചർച്ച ചെയ്യും. ഏക സിവിൽ കോഡ് ബാധിക്കുന്ന വിവിധ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി പ്രക്ഷോഭത്തിലേക്ക് നീങ്ങാനായിരിക്കും ആലോചന. കോണ്‍ഗ്രസും സി.പി.എമ്മും പൊതുപ്രക്ഷോഭം ആഹ്വാനം ചെയ്തിരിക്കെ സ്വീകരിക്കേണ്ട സമീപനങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

TAGS :

Next Story