Quantcast

ഒരു സർവേയിൽ ജലീൽ, മറ്റൊന്നിൽ ഫിറോസ്; തവനൂരിൽ ഇഞ്ചോടിഞ്ച് പോര്

എക്‌സിറ്റ് പോളുകള്‍ മണ്ഡലത്തിൽ പ്രവചനാതീതമായ പോരാട്ടം പ്രവചിക്കുന്നു

MediaOne Logo

Web Desk

  • Published:

    30 April 2021 8:55 AM GMT

ഒരു സർവേയിൽ ജലീൽ, മറ്റൊന്നിൽ ഫിറോസ്; തവനൂരിൽ ഇഞ്ചോടിഞ്ച് പോര്
X

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും ചൂടേറിയ പോരാട്ടം നടന്ന മണ്ഡലമായിരുന്നു തവനൂർ. മുൻ മന്ത്രി കെ.ടി ജലീനെതിരെ യുഡിഎഫ് സാമൂഹിക പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിനെ നിർത്തിയതോടെയാണ് ആവേശപ്പോരിന് കളമൊരുങ്ങിയത്. ഇരുവരും കൊണ്ടും കൊടുത്തും മുന്നേറിയതോടെ തവനൂരിലെ പോരാട്ടം സംസ്ഥാനം മുഴുവൻ ശ്രദ്ധിച്ചു.

കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോളുകളും മണ്ഡലത്തിൽ പ്രവചനാതീതമായ പോരാട്ടം നടക്കുമെന്നാണ് പറയുന്നത്. മനോരമ ന്യൂസ്-വിഎംആർ സർവേ ഫിറോസിനാണ് മുൻതൂക്കം നൽകുന്നത്. മണ്ഡലത്തിൽ ഫിറോസ് കുന്നംപറമ്പിൽ 0.40% വോട്ടിന് മുന്നിലെന്നാണ് സർവേയുടെ വിലയിരുത്തൽ. യുഡിഎഫ് 42.90 ശതമാനം വോട്ടും ജലീൽ 42.50 വോട്ടും നേടും. മനോരമ തന്നെ നടത്തിയ പ്രീപോൾ സർവേയിൽ ജലീലിനായിരുന്നു മേൽക്കൈ.

മാതൃഭൂമി ന്യൂസ്-ആക്സിസ് മൈ ഇന്ത്യ ജലീലിന് ജയം പ്രവചിക്കുന്നു. രണ്ടാം സ്ഥാനത്തേക്ക് പോകുമെങ്കിലും ഫിറോസ് കുന്നംപറമ്പിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നും സർവേ പറയുന്നു.

ബന്ധുനിയമന വിവാദത്തിൽപ്പെട്ട് ഈയിടെ ജലീൽ രാജിവച്ചിരുന്നു. തന്റെ പ്രതിച്ഛായയ്ക്ക് തന്നെ കളങ്കമേൽപ്പിച്ച വിവാദത്തിനൊടുവിൽ വരുന്ന ജയം ജലീലിന് രാഷ്ട്രീയരംഗത്ത് കരുത്താകുമെന്ന് തീർച്ചയാണ്. സ്വർണക്കടത്ത് അടക്കമുള്ള നിരവധി വിവാദങ്ങളിൽ സംശയമുനയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് ജലീൽ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

യുഡിഎഫിന്റെ ബാലികേറാമല

യുഡിഎഫിന്റെ ബാലികേറാമല മുസ്ലിം ലീഗ് കോട്ടയായ മലപ്പുറത്ത് കെ.ടി ജലീൽ തുടർച്ചയായ രണ്ടു തവണ ജയിച്ച മണ്ഡലമാണ് തവനൂർ. 2011ലും 2016ലും ജലീലിനെ നേരിട്ടത് യഥാക്രമം വിവി പ്രകാശും ഇഫ്തിഖാറുദ്ദീനുമായിരുന്നു. അതിൽ നിന്ന് ഭിന്നമായി ഫിറോസ് കുന്നംപറമ്പിൽ എന്ന ജീവകാരുണ്യ പ്രവർത്തകനെ കളത്തിലിറക്കിയാണ് യുഡിഎഫ് ഇത്തവണ പോര് കൊഴുപ്പിച്ചത്.

2016ൽ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിണ് ജലീൽ ജയിച്ചു കയറിയത്. 2011ലെ 6854 വോട്ടിന്റെ ഭൂരിപക്ഷമാണ് ജലീൽ പതിനേഴായിരത്തിലേക്ക് ഉയർത്തിയത്. എൻഡിഎയ്ക്കായി രമേശ് കോട്ടയപ്പുറത്താണ് മത്സരരംഗത്തുള്ളത്.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

എൽഡിഎഫ് 68179

യുഡിഎഫ് 51115

എൻഡിഎ 15801

എസ്ഡിപിഐ 2649

പിഡിപി 1077

വെൽഫയർ പാർട്ടി 1007

ഭൂരിപക്ഷം 17064

(നേരത്തെ ഇതേ വാർത്തയിൽ രണ്ട് സർവേകളിലും ജലീലിന് മുൻതൂക്കം എന്ന് തെറ്റായി റിപ്പോർട്ട് ചെയ്തിരുന്നു. തെറ്റുപറ്റിയതിൽ നിർവ്യാജം ഖേദിക്കുന്നു)

TAGS :

Next Story