വിഗ്രഹത്തിൽ നിന്ന് അഞ്ചര പവൻ മോഷ്ടിച്ച ശേഷം മുക്കുപണ്ടം ചാർത്തി പൂജാരി മുങ്ങിയതായി പരാതി
ക്ഷേത്ര പൂജാരിയായിരുന്ന തിരുവനന്തപുരം സ്വദേശി ദീപക് നമ്പൂതിരിക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു
കാസര്‍കോട്: വിഗ്രഹത്തിൽ നിന്ന് അഞ്ചര പവൻ തിരുവാഭരണങ്ങൾ കവർന്ന ശേഷം മുക്കുപണ്ടം ചാർത്തി ക്ഷേത്രപൂജാരി മുങ്ങിയതായി പരാതി. കാസർകോട് മഞ്ചേശ്വരം ഹൊസബെട്ടു, മങ്കേ മഹാലക്ഷ്മി, ശാന്താ ദുർഗാ ദേവസ്ഥാനത്തു നിന്നാണ് തിരുവാഭരണങ്ങൾ കവർന്ന ശേഷം ക്ഷേത്രപൂജാരി മുങ്ങിയത്. ക്ഷേത്ര പൂജാരിയായിരുന്ന തിരുവനന്തപുരം സ്വദേശി ദീപക് നമ്പൂതിരിക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
കഴിഞ്ഞ മാസം 29 ന് വൈകുന്നേരമാണ് ദീപക് നമ്പൂതിരി ക്ഷേത്രത്തിൽ നിന്ന് മുങ്ങിയത്. അന്ന് ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനാൽ ക്ഷേത്ര ട്രസ്റ്റികൾ പൂജാരി താമസിക്കുന്ന വാടക വീട്ടിൽ അന്വേഷിക്കാനെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. നേരത്തെ ക്ഷേത്രത്തിലെ പൂജാരിയായിരുന്ന കർണാടക സിദ്ധാപുരം സ്വദേശിയായ ശ്രീധരഭട്ട് എത്തി പൂജയ്ക്കായി ശ്രീ കോവിൽ തുറന്നപ്പോഴാണ് വിഗ്രഹത്തിൽ പുതിയ ആഭരണങ്ങൾ ചാർത്തിയ നിലയിൽ കണ്ടെത്തിയത്. ഇക്കാര്യം ക്ഷേത്ര ഭാരവാഹികളോട് പറഞ്ഞപ്പോഴാണ് സംഭവം പുറം ലോകമറിഞ്ഞത്. സ്വർണപ്പണിക്കാരൻ എത്തി പരിശോധന നടത്തിയപ്പോൾ ആഭരണങ്ങൾ മുക്കുപണ്ടമാണെന്ന് വ്യക്തമാവുകയായിരുന്നു.
Adjust Story Font
16