'താൽക്കാലിക ബാച്ചുകൾ മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് പൂർണ പരിഹാരമല്ല, സമരം തുടരും': പി.എം.എ സലാം
വിഷയത്തിൽ നിന്ന് തടിത്തപ്പാനുള്ള സർക്കാറിന്റെ ശ്രമമാണ് താൽക്കാലിക ബാച്ചുകളെന്നും പി.എം.എ സലാം
പി.എം.എ സലാം
കോഴിക്കോട്ട്: മലപ്പുറത്ത് ഏതാനും താൽക്കാലിക ബാച്ചുകൾ അനുവദിച്ചതിനാൽ മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം. 'പാലക്കാട്ടും കോഴിക്കോടും ഒരു ബാച്ച് പോലും അനുവദിച്ചില്ല. മലപ്പുറത്തിന്റെ മാത്രം പ്രശ്നമായി ഇതിനെ കാണരുതെന്ന് മുസ്ലിംലീഗ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ അതെല്ലാം അവഗണിച്ചാണ് മലപ്പുറത്ത് ഏതാനും താൽക്കാലിക ബാച്ചുകൾ അനുവദിച്ചത്. ഇത് വിഷയത്തിൽ നിന്ന് തടിത്തപ്പാനുള്ള സർക്കാറിന്റെ ശ്രമമാണ്'. സലാം പറഞ്ഞു.
മലപ്പുറത്ത് 2591 സീറ്റുകളുടെയും പാലക്കാട് 4383 സീറ്റുകളുടെയും കുറവുണ്ട്. മൊത്തത്തിൽ 73 ബാച്ചുകളെങ്കിലും അനുവദിച്ചാലേ ഈ പ്രശ്നം പരിഹരിക്കപ്പെടുകയുള്ളൂവെന്നും മുഴുവൻ വിദ്യാർത്ഥികൾക്കും അവസരം നൽകാതെ പ്രശ്നം പരിഹരിക്കപ്പെടില്ലെന്നും പി.എം.എ സലാം കൂട്ടിച്ചേർത്തു.
'അനുവദിക്കപ്പെട്ട താൽക്കാലിക ബാച്ചുകളെല്ലാം ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങളിലാണ്. ഒരു സയൻസ് ബാച്ച് പോലും പുതുതായി അനുവദിച്ചിട്ടില്ല. അനുവദിച്ച ബാച്ചുകളിൽ സയൻസ് ഗ്രൂപ്പ് കൂടി ഉൾപ്പെടുത്തണം', അദ്ദേഹം ആവശ്യപ്പെട്ടു. പ്രശ്നം പൂർണമായും പരിഹരിക്കുന്നത് വരെ മുസ്ലിംലീഗ് സമര രംഗത്തുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16