Quantcast

തളിപ്പറമ്പ് ലീഗിൽ ഉടലെടുത്ത വിഭാഗീയതക്ക് താത്കാലിക ശമനം

സമാന്തര മുൻസിപ്പൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി വിമത വിഭാഗം

MediaOne Logo

Web Desk

  • Published:

    21 Oct 2021 2:27 AM GMT

തളിപ്പറമ്പ് ലീഗിൽ ഉടലെടുത്ത വിഭാഗീയതക്ക് താത്കാലിക ശമനം
X

തളിപ്പറമ്പിലെ മുസ്‍ലിം ലീഗിൽ ഉടലെടുത്ത വിഭാഗീയതക്ക് താത്കാലിക ശമനം. സമാന്തര മുൻസിപ്പൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ തീരുമാനിച്ചതായി വിമത വിഭാഗം. സംസ്ഥാന കമ്മിറ്റിയുടെ നിർദേശം അംഗീകരിക്കുന്നതായും പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും വിമത വിഭാഗം നേതാക്കൾ പറഞ്ഞു.

സംസ്ഥാന തലത്തിൽ പി.കെ കുഞ്ഞാലിക്കുട്ടിയെയും കെ.എം ഷാജിയെയും അനുകൂലിക്കുന്ന രണ്ട് വിഭാഗങ്ങൾ തമ്മിൽ ഉടലെടുത്ത ഭിന്നതയാണ് പാർട്ടിയെ പിളർപ്പിന്‍റെ വക്കിൽ എത്തിച്ചത്. സമാന്തര മുൻസിപ്പൽ കമ്മിറ്റി രൂപീകരിച്ച വിമത വിഭാഗം തളിപ്പറമ്പിൽ കഴിഞ്ഞ ദിവസം ശക്തി പ്രകടനവും സംഘടിപ്പിച്ചിരുന്നു. പിന്നാലെയാണ് പ്രശ്ന പരിഹാരത്തിന് കെ.എം ഷാജിയും പാറക്കൽ അബ്ദുള്ളയും അടങ്ങുന്ന രണ്ടംഗ കമ്മിറ്റിയെ സംസ്ഥാന നേതൃത്വം നിയോഗിച്ചത്. ഇവർ കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ എത്തി ഇരു വിഭാഗവുമായി ചർച്ച നടത്തുകയും തുടർന്ന് സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട്‌ നൽകുകയും ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പ്രശ്ന പരിഹാരത്തിനായി തളിപ്പറമ്പിലെ സമാന്തര കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം വിമത വിഭാഗത്തോട് ആവശ്യപ്പെട്ടു. ഇവർ മുന്നോട്ട് വെച്ച ആവശ്യങ്ങൾ പരിഹരിക്കാമെന്ന ഉറപ്പും നേതൃത്വം നൽകിയിട്ടുണ്ട്. ഇതോടെ തളിപ്പറമ്പിലെ ലീഗിൽ ഉടലെടുത്ത പ്രശ്നങ്ങൾക്ക് താത്കാലിക പരിഹാരം ആകും എന്നാണ് പ്രതീക്ഷ. പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്ത 10 പേരെ തിരിച്ചെടുക്കുന്ന കാര്യത്തിലും ഉടൻ തീരുമാനമുണ്ടായേക്കും.




TAGS :

Next Story