Quantcast

കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദ പരാമർശം; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ

അറസ്റ്റിലായ അൽ അമീൻ, അനസ്, നജീബ് എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് തീവ്രവാദികൾ എന്ന് പരാമർശിച്ചത്. ആരോപണം കോടതി തള്ളി ഇവർക്ക് ജാമ്യം നൽകിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-12-12 10:34:55.0

Published:

12 Dec 2021 9:07 AM GMT

കോൺഗ്രസ് പ്രവർത്തകർക്കെതിരെ തീവ്രവാദ പരാമർശം; രണ്ട് പൊലീസുകാർക്ക് സസ്‌പെൻഷൻ
X

മോഫിയയുടെ മരണവുമായി ബന്ധപ്പെട്ട് ആലുവയിൽ സമരം നടത്തിയവർക്കെതിരെ തീവ്രവാദ പരാമർശം നടത്തിയ സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ. ആലുവ പ്രിൻസിപ്പൽ എസ്.ഐ ആർ. വിനോദ്, ഗ്രേഡ് എസ്.ഐ രാജേഷ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. അൻവർ സാദത്ത് എംഎൽഎയുടെ പരാതിയിലാണ് നടപടി. ഡിഐജി ആണ് സസ്പെൻഡ് ചെയ്തത്.

പൊലീസിന്റെ പരാമർശം ഗൂഢ ലക്ഷ്യത്തോടെയാണന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനിച്ചിട്ടുണ്ട്. മുനമ്പം ഡിവൈഎസ്പി വിശദമായ അന്വേഷണം നടത്തും.

ആലുവ എസ്പി ഓഫീസിലേക്ക് നടന്ന മാർച്ചുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത കെഎസ്‌യു ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് അൽ അമീൻ അഷ്‌റഫ്, യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എംഎകെ നജീബ്, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡന്റ് അനസ് പള്ളിക്കുഴി എന്നിവർക്കെതിരെയാണ് റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് തീവ്രവാദി ആരോപണം നടത്തിയത്.



പ്രതികൾക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദി ബന്ധങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കുന്നതിന് ഇവരെ കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസ് കസ്റ്റഡി അപേക്ഷയിൽ പറഞ്ഞ ഒരു കാര്യം. പൊതുമുതൽ സ്വത്തായ വരുൺ വാഹനത്തിന് മുകളിൽ കയറി നിൽക്കുന്ന ഫോട്ടോകൾ സോഷ്യൽ മീഡിയ ആയ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തതു വഴി പ്രതികൾ ഉദ്ദേശിക്കുന്ന ലക്ഷ്യം വിശദമായി അന്വേഷിക്കുന്നതിനും അതിന് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധത്തിന്റെ പേരിൽ ചെയ്തതാണോ എന്ന് അന്വേഷിച്ചറിയേണ്ടതുണ്ടെന്നും അപേക്ഷയിൽ പറഞ്ഞിരുന്നു.

കേവലമായ സസ്‌പെൻഷനിൽ ഇവർക്കെതിരായ നടപടി ഒതുക്കരുതെന്ന് അൻവർ സാദത്ത് എംഎൽഎ ആവശ്യപ്പെട്ടു. ഇത് നിസാരമായൊരു പിഴവല്ല. പൊലീസിലെ സംഘ്പരിവാർ സ്വാധീനത്തിന്റെ തെളിവാണ്. സിപിഐ നേതാവ് ആനിരാജ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിച്ചത് ശരിയാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story