ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്ക് തായ് എയർവേയ്സിന്‍റെ കൊച്ചി സർവീസ്
തായ്‌ലൻഡിലേക്ക് നേരിട്ടുള്ള ആഡംബര വിമാനയാത്രാനുഭവമാണ് യാത്രക്കാർക്ക് ഇതിലൂടെ സിയാൽ സാധ്യമാക്കുന്നത്.
സുവർണഭൂമി വിമാനത്താവളം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സി.ഒ.കെ) നിന്ന് ബാങ്കോക്ക് സുവർണഭൂമി വിമാനത്താവളത്തിലേക്ക് (ബി.കെ.കെ) തായ് എയർവേയ്‌സിന്റെ പ്രീമിയം ക്ലാസ്സ് വിമാന ഓപ്പറേഷനുകൾ ആരംഭിക്കുന്നു. നിലവിൽ കൊച്ചി വിമാനത്താവളത്തിൽ നിന്ന് ബാങ്കോക്കിലെ ഡോൺ മുവാങ് (ഡി.എം.കെ) വിമാനത്താവളത്തിലേക്ക് എയർ ഏഷ്യയുടെ പ്രതിദിന വിമാന സർവീസുകളുണ്ട്. 2024-ലെ വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി മാർച്ച് 31-നാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നത്.
ആഴ്ചയിൽ മൂന്ന് ദിവസമാണ് (ബുധൻ, വെള്ളി, ഞായർ) ഈ പ്രീമിയം സർവീസുകൾ ഉണ്ടായിരിക്കുക. ഇതോടെ കൊച്ചിയിൽ നിന്ന് ബാങ്കോക്കിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം ആഴ്ചയിൽ 7-ൽ നിന്ന് 10 ആയി ഉയരും. തായ്‌ലൻഡിലേക്ക് നേരിട്ടുള്ള ആഡംബര വിമാനയാത്രാനുഭവമാണ് യാത്രക്കാർക്ക് ഇതിലൂടെ സിയാൽ സാധ്യമാക്കുന്നത്. TG347 വിമാനം, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ബാങ്കോക്കിൽ നിന്ന് 21:40 ന് പുറപ്പെട്ട് 00:35 ന് കൊച്ചിയിൽ എത്തിച്ചേരും. മടക്കവിമാനം TG348, കൊച്ചിയിൽ നിന്ന് 01:40 ന് പുറപ്പെട്ട് 07:35 ന് ബാങ്കോക്കിൽ എത്തിച്ചേരും.
“കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് (സി.ഒ.കെ) സുവർണഭൂമി വിമാനത്താവളത്തിലേക്കുള്ള (ബി.കെ.കെ) തായ് എയർവേയ്‌സിന്റെ പുതിയ പ്രീമിയം സർവീസ്, യാത്രക്കാർക്ക് വൈവിധ്യവും സൗകര്യപ്രദവുമായ യാത്രാ ലഭ്യമാക്കുന്നതിനുള്ള സിയാലിന്റെ ശ്രമങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ്. മുഖ്യമന്ത്രിയും സിയാൽ ചെയർമാനുമായ പിണറായി വിജയൻ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങൾ എന്നിവർ ചേർന്ന് സിയാലിന്‍റെ വ്യോമ-വ്യോമേതര വികസന പ്രവർത്തനങ്ങൾക്കായി ഒരു രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. പുതിയ രാജ്യാന്തര - ആഭ്യന്തര റൂട്ടുകൾ ഉടനടി സജീവമാക്കുന്നതിനും വൈവിധ്യമാർന്ന യാത്രാ ഓപ്‌ഷനുകൾ യാത്രക്കാർക്ക് ലഭ്യമാക്കുന്നതിനും ഊന്നൽ നൽകി കൊണ്ടാണിത് സജ്ജീകരിച്ചിട്ടുള്ളത്”, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു. രാജ്യാന്തര- ആഭ്യന്തര വിമാന യാത്രാ സാധ്യതകൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യൻ വ്യോമയാന മേഖലയുടെ വളർച്ചക്ക് അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതോടൊപ്പം തന്നെ, പ്രാദേശിക റൂട്ടുകളുടെ വിപുലീകരണവും സിയാൽ നടത്തി വരുന്നുണ്ട്. ജനുവരി അവസാനത്തോടെ കൊച്ചിയിൽ നിന്ന് കണ്ണൂർ, മൈസൂർ, ട്രിച്ചി, തിരുപ്പതി എന്നിവിടങ്ങളിലേക്ക്, അലയൻസ് എയറിന്‍റെ പുതിയ സർവീസുകൾ ആരംഭിക്കും.
Adjust Story Font
16