ബി.ജെ.പി അനുകൂല പ്രസ്താവനയിൽ പിന്നോട്ടില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ്
റബർ വില 300 രൂപയാക്കി നിശ്ചയിച്ചാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്നായിരുന്നു ബിഷപ്പ് കഴിഞ്ഞ ദിവസം പറഞ്ഞത്.
Pamplani
തലശ്ശേരി: ബി.ജെ.പി അനുകൂല പ്രസ്താവനയിൽ പിന്നോട്ടില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. മലയോര കർഷകരുടെ പ്രശ്‌നമാണ് താൻ പറഞ്ഞത്. ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ നടക്കുന്നുണ്ടെങ്കിൽ ആവശ്യമായ സമയത്ത് കൃസ്തീയ സഭ സർക്കാരുമായി ചർച്ച നടത്തും. നിലവിൽ മലയോര കർഷകർ നേരിടുന്ന വലിയൊരു പ്രശ്‌നമാണ് താൻ ഉന്നയിച്ചതെന്നും പാംപ്ലാനി പറഞ്ഞു.
ബിഷപ്പ് ഹൗസ് 24 മണിക്കൂറും തുറന്നിട്ടിരിക്കുകയാണ്. അവിടെ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വരാറുണ്ട്. ബി.ജെ.പി നേതാക്കൾ തന്നെ കാണാൻ വന്നിട്ടില്ല. ന്യൂനപക്ഷ സെൽ പ്രവർത്തകരാണ് വന്നത്. ഇതിന്റെ പേരിൽ താൻ ബി.ജെ.പിയിൽ ചേരാൻ പോകുന്നുവെന്ന് വരുത്തിത്തീർക്കാനാണോ ശ്രമിക്കുന്നതെന്ന് ബിഷപ്പ് ചോദിച്ചു. വിഷയം ബി.ജെ.പി മുതലെടുക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാർ മറ്റ് രാഷ്ട്രീയ കക്ഷികളാണ്. ബി.ജെ.പി വെക്കുന്ന എല്ലാ കല്ലിലും തേങ്ങ എറിയാൻ തങ്ങളെ കിട്ടില്ലെന്നും ബിഷപ്പ് വ്യക്തമാക്കി.
റബർ വില 300 രൂപയാക്കി നിശ്ചയിച്ചാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കാമെന്നായിരുന്നു ബിഷപ്പ് കഴിഞ്ഞ ദിവസം പറഞ്ഞത്. കേരളത്തിൽ ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ സങ്കടം കുടിയേറ്റ ജനത പരിഹരിക്കും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന് ജനങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Adjust Story Font
16