തലശേരി ഇരട്ട കൊലപാതകം: കൊന്നവരും കൊല്ലപ്പെട്ടവരും സി.പി.എം പ്രവര്‍ത്തകരെന്ന് ബി.ജെ.പി
കുഴൽപണം തട്ടിയും, സ്വർണ്ണം അപഹരിച്ചും പണമുണ്ടാക്കുന്ന സംഘങ്ങൾ മാരകമായ ലഹരി വസ്തുക്കള്‍ പാർട്ടിയുടെ ബലത്തിലും, തണലിലും വിറ്റഴിക്കുകയാണെന്ന് ബി.ജെ.പി
കണ്ണൂർ: തലശേരിയിലെ ഇരട്ട കൊലപാതകത്തിനു പിന്നിൽ സി.പി.എമ്മിലെ മയക്കുമരുന്ന് ലഹരി മാഫിയ സംഘങ്ങളെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്‍റ് എൻ.ഹരിദാസ്. കൊല്ലപ്പെട്ടവരും, കൊന്നവരും സിപിഎമ്മിലെ ക്രിമിനൽ സംഘത്തിൽ ഉൾപ്പെട്ടവരാണ്. ബിജെപി പ്രവർത്തകരെ അക്രമിച്ച കേസിൽ ഉൾപ്പെട്ടവരാണ് ഇവർ. ക്വട്ടേഷൻ മാഫിയ സംഘങ്ങൾ തലശേരി മേഖലയിൽ അഴിഞ്ഞാടുകയാണ്. അതാണ് കഴിഞ്ഞ ദിവസം ഇടയിൽ പീടിയിൽ ബി.ജെ.പി പ്രവർത്തകനു നേരെ നടന്ന അക്രമവും. നിരപരാധിയായ ഒരു യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചവർ പാനൂരിലെ ക്വട്ടേഷൻ മാഫിയ സംഘങ്ങളാണ്. ഇവരെ സഹായിക്കുന്നത് പാനൂർ ഏരിയ നേതാക്കളാണ് എന്നത് സമൂഹം ചർച്ച ചെയ്യേണ്ട വിഷയമാണെന്നും ബി.ജെ.പി ആരോപിച്ചു.
പട്ടാപകൽ മനുഷ്യർക്ക് ഇറങ്ങി നടക്കാൻ പറ്റാത്ത തരത്തിൽ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കിയതിന് പിന്നിൽ ജില്ലയിലെ സിപിഎം നേതൃത്വമാണ്. കുഴൽപണം തട്ടിയും, സ്വർണ്ണം അപഹരിച്ചും പണമുണ്ടാക്കുന്ന സംഘങ്ങൾ മാരകമായ ലഹരി വസ്തുക്കളും പാർട്ടിയുടെ ബലത്തിലും, തണലിലും വിറ്റഴിക്കുകയാണ്. ഇതിനെതിരെ പൊതു സമൂഹം ജാഗ്രത പുലർത്തണം. ഒരു വശത്ത് രാഷ്ട്രീയ നേട്ടത്തിനായി 'ലഹരിക്കെതിരെ ചങ്ങല തീർത്തും, മെഴുകുതിരി കത്തിച്ചും നാട്യം നടത്തുന്ന ഇടതുപക്ഷം നാട്ടിൽ ലഹരി വിൽപ്പനയുടെ മൊത്തം ഡീലർമാരായി മാറുകയാണ്. തലശേരിയിലെ ഇരട്ട കൊലപാതകം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. പട്ടാപകൽ നടന്ന കൊലപാതകത്തിനു പിന്നിലെ ലഹരി മാഫിയ സംഘങ്ങളെ സമഗ്രമായ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരണമെന്നും ഇതിനായി ജില്ലയിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും എൻ.ഹരിദാസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ തലശേരി കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപമാണ് സംഘര്‍ഷം നടന്നത്. ക്വട്ടേഷൻ സംഘങ്ങൾ ചേരിതിരിഞ്ഞ് നടന്ന ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ ആണ് മരിച്ചത്. നെട്ടൂർ സ്വദേശി ഷമീർ ഇന്നാണ് മരിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ ഖാലിദ് നേരത്തെ മരിച്ചിരുന്നു. ഖാലിദിന്‍റെ സഹോദരി ഭർത്താവാണ് ഷമീർ. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷാനിബ് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. നെട്ടൂർ സ്വദേശികളായ മൂന്നുപേരാണ് അക്രമം നടത്തിയതെന്നാണ് പ്രാഥമിക വിവരം. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Adjust Story Font
16