Quantcast

തലശേരി ജനറൽ ആശുപത്രിയിൽ നവജാതശിശു മരിച്ചു: ഡോക്ടർക്കെതിരെ പരാതി

ഡോക്ടറുടെ അനാസ്ഥയാണ് കുഞ്ഞ് മരിക്കാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം

MediaOne Logo

Web Desk

  • Updated:

    2022-08-27 10:25:46.0

Published:

27 Aug 2022 9:50 AM GMT

തലശേരി ജനറൽ ആശുപത്രിയിൽ നവജാതശിശു മരിച്ചു: ഡോക്ടർക്കെതിരെ പരാതി
X

തലശേരി: കണ്ണൂർ തലശ്ശേരി ജനറൽ ആശുപത്രിയിലെ നവജാത ശിശുവിന്റെ മരണത്തിൽ ബന്ധുക്കൾ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്.

കുഞ്ഞിനെ ചികിത്സിച്ച ഡോക്ടർ പ്രീജയ്‌ക്കെതിരെയാണ് കുടുംബം പരാതി നൽകിയത്. ഡോക്ടറുടെ അനാസ്ഥയാണ് കുഞ്ഞ് മരിക്കാൻ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇന്നലെയാണ് കുഞ്ഞ് ആശുപത്രിയിൽ വെച്ച് മരിക്കുന്നത്. ഡോക്ടർ കാരണം കൃത്യമായി അറിയിച്ചില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.

ബന്ധുക്കളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ കുഞ്ഞിന്റെ മൃതദേഹം കുറച്ചു മുമ്പ് പോസ്റ്റമോർട്ടം ചെയ്തു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായിട്ടുണ്ട്.പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നശേഷം പ്രതികരിക്കാമെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്. പ്രാഥമിക പരിശോധനയിൽ ഡോക്ടറുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്താനായിട്ടില്ലെന്നും സൂപ്രണ്ട് പറയുന്നു. കുഞ്ഞിന്റെ മൃതദേഹം അൽപ സമയത്തിന് ശേഷം സംസ്‌കരിക്കും.

കുഞ്ഞിന് ഗർഭാവസ്ഥയിൽ കുഴപ്പങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. സ്‌കാനിംഗുകളിൽ കുഴപ്പമൊന്നും കണ്ടെത്തിയിരുന്നില്ലെന്നും ജനിച്ച് അൽപസമയത്തിന് ശേഷം തന്നെ കുഞ്ഞ് മരിച്ചതായി അറിയിക്കുകയായിരുന്നുവെന്നും മരണകാരണമായി ഡോക്ടർ പറയുന്ന കാര്യങ്ങൾ വിശ്വസനീയമല്ലെന്നും ഇവർ ആരോപിക്കുന്നു.

TAGS :

Next Story