തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവം; ഡോക്ടർമാരുടെ അറസ്റ്റ് രേഖപ്പെടുത്തി
ചികിത്സാ പിഴവെന്ന് മെഡിക്കൽ ബോർഡ് റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് നടപടി
പാലക്കാട്: തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർമാരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡോക്ടർമാരായ അജിത്ത്,നിള, പ്രിയദർശിനി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.
ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന മെഡിക്കല്‍ ബോർഡ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് പാലക്കാട് ഡി.വൈ.എസ്.പി ഡോക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. തുടർന്നായിരുന്നു അറസ്റ്റ്.
ജൂലൈ ആദ്യവാരമാണ് ഐശ്വര്യയും കുഞ്ഞും മരിക്കുന്നത്. ജൂലൈ രണ്ടിന് കുഞ്ഞ് മരിച്ച് രണ്ട് ദിവസത്തിന് ശേഷം അമ്മയും മരിച്ചു. ഐശ്വര്യയെ ചികിത്സിച്ച ഡോക്ടർമാർക്ക് പിഴവ് പറ്റിയെന്ന് കുടുംബം അന്നേ ആരോപിച്ചിരുന്നു. മാത്രമല്ല ഐശ്വര്യയുടെയും കുഞ്ഞിന്റെയും മരണത്തിനു ശേഷം കോങ്ങാട് സ്വദേശിനി കാർത്തികയും ശസ്ത്രക്രിയക്ക് പിന്നാലെ തങ്കം ആശുപത്രിയിൽവെച്ച് മരിച്ചിരുന്നു. മൂന്ന് മരണങ്ങളിലും ആശുപത്രിക്ക് പിഴവുണ്ടായിട്ടില്ലെന്നായിരുന്നു മാനേജ്‌മെന്റ് അന്ന് നൽകിയ വിശദീകരണം. എന്നാല്‍ ഈ രണ്ട് സംഭവങ്ങള്‍ക്കും പിന്നാലെ ആശുപത്രിക്കെതിരെ പ്രതിഷേധം ശക്തമാവുകയായിരുന്നു. സംഭവത്തില്‍ ക്ലിനിക്കൽ എസ്റ്റാബിളിഷ്മെന്റ് ആക്റ്റ് പ്രകാരം നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജടക്കം നിർദേശം നൽകിയിരുന്നു.
Adjust Story Font
16