Quantcast

'എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി': ഷംസീറിന്റെ മറുപടി പ്രസംഗം

'ഈ സന്ദിഗ്ദ്ധകാലത്തുപോലും ജനഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരും അതിനോട് ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരു പ്രതിപക്ഷവും കേരള നിയമസഭയുടെ മാത്രം പ്രത്യേകതയാണ്. അത് മറ്റൊരു കേരള മോഡല്‍ കൂടിയാണ്'

MediaOne Logo

Web Desk

  • Published:

    12 Sep 2022 8:01 AM GMT

എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി:  ഷംസീറിന്റെ മറുപടി പ്രസംഗം
X

തിരുവനന്തപുരം: മുഖ്യമന്ത്രിയില്‍ നിന്നും പ്രതിപക്ഷനേതാവില്‍ നിന്നും വിവിധ കക്ഷിനേതാക്കന്മാരില്‍നിന്നുമുണ്ടായ അനുമോദനങ്ങള്‍ക്കും ആശംസകള്‍ക്കും സഹകരണ വാഗ്ദാനങ്ങള്‍ക്കും എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്കും നന്ദി അറിയിക്കുന്നതായി സ്പീക്കര്‍ എ.എന്‍ ഷംസീര്‍. സ്പീക്കറായി തെരഞ്ഞെടുത്തതിനുശേഷം മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.

മറുപടി പ്രസംഗത്തില്‍ നിന്ന്:

ഭാ നേതാവു കൂടി ആയിട്ടുള്ള ബഹുമാനപ്പെട്ട മുഖ്യമന്ത്രി, ബഹുമാനപ്പെട്ട മന്ത്രിമാര്‍, ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ്, ബഹുമാനപ്പെട്ട ഗവണ്മെന്റ് ചീഫ് വിപ്പ്, ബഹുമാനപ്പെട്ട ഡെപ്യൂട്ടി സ്പീക്കര്‍, ബഹുമാനപ്പെട്ട കക്ഷിനേതാക്കളെ, ബഹുമാന്യരായ സഭാംഗങ്ങളേ,

1957 ഏപ്രില്‍ 27-ാം തീയതി ആദ്യ സമ്മേളനം ചേര്‍ന്നതിനുശേഷം ആറരപതിറ്റാണ്ടുകള്‍ പിന്നിട്ട കേരള നിയമസഭ കാലത്തിനു മുമ്പേ സഞ്ചരിച്ച ഒരു നിയമനിര്‍മ്മാണ സഭയായിട്ടാണ് പൊതുവേ വിലയിരുത്തപ്പെട്ടിരിക്കുന്നത്. കേരള നിയമസഭ നിലവില്‍ വന്നതിനു ശേഷമുള്ള 3419-ാമത്തെ സമ്മേളനമാണ് ഇന്ന് നടക്കുന്നത്. മഹത്തായതും അത്യപൂര്‍വ്വങ്ങളുമായ ഒട്ടേറെ സംഭവ പരമ്പരകള്‍ കൊണ്ട് സമ്പന്നമായ ഒരു ചരിത്രമുള്ള ഈ സഭയുടെ അധ്യക്ഷനായി എന്നെ തെരഞ്ഞെടുത്തതില്‍ നിങ്ങളോരോരുത്തരോടും ഞാന്‍ നന്ദി പ്രകാശിപ്പിച്ചുകൊള്ളട്ടെ.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയില്‍നിന്നും ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവില്‍നിന്നും വിവിധ കക്ഷിനേതാക്കന്മാരില്‍നിന്നുമുണ്ടായ അനുമോദനങ്ങള്‍ക്കും ആശംസകള്‍ക്കും സഹകരണ വാഗ്ദാനങ്ങള്‍ക്കും എന്നെക്കുറിച്ച് പറഞ്ഞ നല്ല വാക്കുകള്‍ക്കും ഞാന്‍ നന്ദി പറയുന്നു.

കേരള നിയമസഭയിലെ പ്രഗത്ഭരായ മുന്‍ സ്പീക്കര്‍മാരെ ഞാന്‍ ഈ അവസരത്തില്‍ പ്രത്യേകം ഓര്‍ക്കുകയും ആ ബഹുമാന്യര്‍ സൃഷ്ടിച്ച ഉത്തമമായ മാതൃകകളെ കൃതജ്ഞതയോടെ സ്മരിക്കുകയും ചെയ്യുന്നു. എന്റെ മുന്‍ഗാമികളായ രണ്ടുപേരുടെ ഈ സഭയിലെ സാന്നിധ്യം എന്റെ കൃത്യനിര്‍വ്വഹണത്തില്‍ എനിക്ക് ആത്മധൈര്യവും പ്രചോദനവും നല്‍കുമെന്ന് എനിക്കുറപ്പുണ്ട്.

ഞാന്‍ ജനിക്കുന്നതിനു മുമ്പുതന്നെ കേരള നിയമസഭയില്‍ അംഗമാവുകയും ഇപ്പോഴും ഈ സഭയില്‍ അംഗമായി തുടരുകയും ചെയ്യുന്ന ബഹുമാന്യ വ്യക്തിത്വങ്ങളായ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി, മുന്‍മന്ത്രി ശ്രീ. പി.ജെ. ജോസഫ് എന്നിവരുടെ സാമീപ്യം എന്നെ ഏറെ വിനീതനാക്കുന്നു. അതുപോലെ പൊതുരംഗത്തും ഭരണ രംഗത്തും ഏറെ പരിചയസമ്പന്നരായ മന്ത്രിമാരും മുന്‍മന്ത്രിമാരും പ്രതിപക്ഷനേതാക്കളും വിവിധ കക്ഷിനേതാക്കളും ഈ സഭയില്‍ അംഗങ്ങളായിരിക്കുന്നു എന്നത് എനിക്ക് കൂടുതല്‍ മനോധൈര്യവും ആത്മവിശ്വാസവും പകരുന്നു.

രാജ്യത്തെ നിയമനിര്‍മ്മാണ സഭകള്‍ക്ക് പൂര്‍ണ്ണമായും പാര്‍ലമെന്ററി ജനാധ്യപത്യ ഭരണ സംവിധാനം വിഭാവനം ചെയ്യുന്ന രീതിയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നില്ല എന്നൊരു ആക്ഷേപം പരക്കെ നിലനില്‍ക്കുന്ന ഒരു കാലമാണിത്. വ്യത്യസ്തങ്ങളായ കാരണങ്ങളാല്‍ പല സംസ്ഥാന നിയമസഭകളുടേയും പ്രവര്‍ത്തനം ശരാശരിക്കും താഴെയായിത്തന്നെ തുടര്‍ന്നു വരുന്നു. സംസ്ഥാന നിയമസഭകളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും ഭരണഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ പോലും നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സന്ദിഗ്ദ്ധകാലത്തുപോലും ജനഹിതമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന സര്‍ക്കാരും അതിനോട് ക്രിയാത്മകമായി പ്രതികരിക്കുന്ന ഒരു പ്രതിപക്ഷവും കേരള നിയമസഭയുടെ മാത്രം പ്രത്യേകതയാണ്. അത് മറ്റൊരു കേരള മോഡല്‍ കൂടിയാണ്.

നിയമസഭയുടെ ചട്ടങ്ങളിലും പ്രവര്‍ത്തനരീതിയിലും സമഗ്രമായ പരിഷ്കരണങ്ങള്‍ വരുത്തുന്നതു സംബന്ധിച്ചുള്ള കാര്യങ്ങള്‍ പഠിച്ച് ശിപാര്‍ശ നല്‍കാനായി നിലവില്‍ രൂപീകരിച്ചിട്ടുള്ള സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ അതിന്റെ അവസാനഘട്ടത്തിലാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പ്രസ്തുത സമിതിയുടെ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ സഭാ പ്രവര്‍ത്തനങ്ങളും വിവിധ സമിതികളുടെ പ്രവര്‍ത്തനങ്ങളും കൂടുതല്‍ സജീവമാക്കാനുള്ള തീരുമാനം നമുക്കൊരുമിച്ച് കൈക്കൊള്ളാവുന്നതാണ്'

TAGS :

Next Story