താനൂർ ബോട്ടപകടം: ക്രമീകരണങ്ങളൊരുക്കാന്‍ മന്ത്രി വീണാ ജോർജിന്റെ നിർദേശം
മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചു
മലപ്പുറം: മലപ്പുറം താനൂരില്‍ ബോട്ടപകടത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് ആണ് നിർദേശം.
മഞ്ചേരി മെഡിക്കല്‍ കോളേജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി.
അതേസമയം അപകടത്തിൽ മരണസംഖ്യ 11 ആയി. വിനോദയാത്രാ ബോട്ടാണ് മറിഞ്ഞത്. ബോട്ടിൽ 35-ഓളം യാത്രക്കാരുണ്ടായിരുന്നു എന്നാണ് വിവരം. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.
കൂടുതല്‍ ആളുകള്‍ കയറിയതാണ് അപകടത്തിന് കാരണം. ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും ഇരട്ടിയിലധികം പേരെ ബോട്ടില്‍ കയറ്റിയിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ആറു മണി വരെയാണ് സർവീസിന് അനുമതിയുണ്ടായിരുന്നതെങ്കിലും അത് ലംഘിച്ചാണ് സർവീസ് നടത്തിയതെന്നും ഇവർ കൂട്ടിച്ചേർത്തു.
ഏഴു പേരെ രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. താനൂരിലും പരിസരങ്ങളിലുമുള്ളവരാണ് അപകടത്തിൽപ്പെട്ട ബോട്ടിലുണ്ടായിരുന്നത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇവരിൽ ആറു പേർ കുട്ടികളാണെന്നാണ് വിവരം
Adjust Story Font
16