കോണ്‍ഗ്രസിലെ തര്‍ക്കം; താരീഖ് അന്‍വര്‍ അടുത്ത ആഴ്ച കേരളത്തിലെത്തും
അതിനിടെ ഡി.സി.സി പുനഃസംഘടനയില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. അധികാരം കിട്ടിയപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും അഹങ്കാരത്തിന്റെ ഭാഷയില്‍ സംസാരിച്ചില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു.
ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലുണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടുന്നു. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ അടുത്ത ആഴ്ച കേരളത്തിലെത്തുമെന്നാണ് സൂചന. രമേശ് ചെന്നിത്തലയുമായും ഉമ്മന്‍ ചാണ്ടിയുമായും അദ്ദേഹം ചര്‍ച്ച നടത്തും.
ഡി.സി.സി പുനഃസംഘടനയില്‍ താരീഖ് അന്‍വര്‍ പക്ഷപാതപരമായി പെരുമാറിയെന്ന് കാണിച്ച് എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു. താരീഖ് അന്‍വറാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പരാതിയില്‍ പറഞ്ഞിരുന്നു.
അതിനിടെ ഡി.സി.സി പുനഃസംഘടനയില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. അധികാരം കിട്ടിയപ്പോള്‍ ധാര്‍ഷ്ട്യത്തിന്റെ ഭാഷ ഉപയോഗിച്ചിട്ടില്ലെന്നും അഹങ്കാരത്തിന്റെ ഭാഷയില്‍ സംസാരിച്ചില്ലെന്നും ചെന്നിത്തല അവകാശപ്പെട്ടു. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനാണ് ശ്രമിച്ചത്. ഇഷ്ടമില്ലാത്തവരെയും ഒരുമിച്ചു കൊണ്ടുപോയി. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അപ്പുറം എല്ലാവരെയും ഒരുമിച്ച് നിര്‍ത്തി. തന്നോട് എന്തെങ്കിലും ആലോചിക്കണം എന്ന് ഞാന്‍ പറയില്ല. താന്‍ ഈ പാര്‍ട്ടിയുടെ നാലണ മെമ്പര്‍ മാത്രമാണ്. ഉമ്മന്‍ചാണ്ടി അങ്ങനെയല്ല, അദ്ദേഹം എ.ഐ.സി.സി. വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. സംഘടനാപരമായ കാര്യങ്ങള്‍ ഉമ്മന്‍ചാണ്ടിയുമായി ആലോചിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. ഒരുമിച്ചു നില്‍ക്കുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ഇപ്പോള്‍ നടക്കുന്നത് റിലേ ഓട്ടമത്സരം അല്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോവുക എന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തമെന്നും ചെന്നിത്തല പറഞ്ഞു.
മുതിര്‍ന്ന നേതാവ് എന്ന് പറയുമ്പോള്‍ തനിക്ക് അധികം പ്രായമൊന്നും ആയിട്ടില്ല. പറയുന്ന പലരും 74-75 വയസ്സ് എത്തിയവരാണ്. തനിക്ക് അറുപത്തിമൂന്ന് വയസ് മാത്രമാണുള്ളത്. ഇപ്പോള്‍ അച്ചടക്കത്തെ കുറിച്ച് പലരും സംസാരിക്കുന്നു. അതിനു മുന്‍കാലപ്രാബല്യം ഉണ്ടായിരുന്നുവെങ്കില്‍ എത്രപേര്‍ കോണ്‍ഗ്രസില്‍ ഉണ്ടാകും എന്ന് പറയാന്‍ വയ്യ. അതുകൊണ്ട് അതൊന്നും ഇങ്ങോട്ട് പറയണ്ട. ഉമ്മന്‍ചാണ്ടിയെ അവഗണിച്ച് ആര്‍ക്കും മുന്നോട്ടുപോകാനാവില്ല- ചെന്നിത്തല പറഞ്ഞു.
Adjust Story Font
16