ഉമ്മൻചാണ്ടിയുടെ പിന്തുണയോടെ തരൂർ കേരളത്തിലേക്ക്; കോൺഗ്രസിൽ പുതിയ സമവാക്യങ്ങൾ
വി.ഡി സതീശനും രമേശ് ചെന്നിത്തലയും തങ്ങൾക്ക് അനഭിമതരാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
Shashi tharoor
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ സജീവമാകുമെന്ന ശശി തരൂരിന്റെ പ്രഖ്യാപനത്തോടെ കോൺഗ്രസിൽ പുതിയ സമവാക്യങ്ങൾ ഉരുത്തിരിയുന്നു. ഉമ്മൻചാണ്ടിയുടെ പിന്തുണയോടെ തരൂർ നടത്തുന്ന നീക്കങ്ങൾക്കെതിരെ വി.ഡി സതീശൻ അടക്കമുള്ളവർ രംഗത്ത് വരാനാണ് സാധ്യത. എന്നാൽ എൻ.എസ്.എസിന്റെയും ഓർത്തഡോക്‌സ് വിഭാഗത്തിന്റെയും പിന്തുണ തരൂരിന് കരുത്ത് പകരും.
ശശി തരൂർ സമീപകാലത്ത് നടത്തിയ ചില നീക്കങ്ങൾ ഇതിനകം തന്നെ കേരളത്തിലെ കോൺഗ്രസിൽ അസ്വസ്ഥതകൾ സൃഷ്ടിച്ചിരുന്നു. തരൂർ വിവിധ ജില്ലകളിൽ നടത്തിയ പര്യടനവും സാമുദായിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ചില കേന്ദ്രങ്ങൾ വിവാദമാക്കിയെങ്കിലും അതിൽ അച്ചടക്കലംഘനമില്ല എന്നായിരുന്നു അച്ചടക്കസമിതി അധ്യക്ഷനായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണം.
കേരളത്തിൽ പ്രവർത്തിക്കുമെന്ന് തരൂർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതോടെ അദ്ദേഹത്തിനെതിരെ പുതിയ നീക്കങ്ങൾ ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് സാമുദായിക നേതാക്കൾ തന്നോട് ആവശ്യപ്പെട്ടതായി തരൂർ പറഞ്ഞിരുന്നു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ തരൂരിനുള്ള പിന്തുണ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ലീഗ് നേതൃത്വത്തിനും തരൂരിനോട് താൽപര്യമുണ്ട്. വി.ഡി സതീശനും രമേശ് ചെന്നിത്തലയും തങ്ങൾക്ക് അനഭിമതരാണെന്ന് സുകുമാരൻ നായർ കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
പാർട്ടിക്കകത്ത് ഉമ്മൻചാണ്ടി വിഭാഗത്തിന്റെ പിന്തുണയാണ് തരൂരിന് കരുത്താവുന്നത്. വിവിധ ജില്ലകളിൽ നടത്തിയ പര്യടനത്തിൽ ഉമ്മൻചാണ്ടി പക്ഷത്തെ നേതാക്കളാണ് തരൂരിന്റെ പരിപാടി വിജയിപ്പിക്കാൻ മുന്നിൽ നിന്നത്. ഉമ്മൻചാണ്ടിയുടെ പിന്തുണയിൽ തരൂർ നടത്തുന്ന നീക്കങ്ങൾ കോൺഗ്രസ് രാഷ്ട്രീയത്തിൽ പുതിയ ഗ്രൂപ്പ് സമവാക്യങ്ങൾക്കാണ് വഴിതുറക്കുന്നത്.
Adjust Story Font
16