സോണിയയും കനിഞ്ഞില്ല; സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാൻ തരൂരിന് അനുമതിയില്ല
സെമിനാറിൽ നേതാക്കൾ പങ്കെടുക്കുന്നത് കെപിസിസി വിലക്കിയിരുന്നു
സിപിഎം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുക്കാൻ ശശി തരൂരിന അനുമതി ഇല്ല. സോണിയാ ഗാന്ധിയാണ് ഇക്കാര്യം ശശി തരൂരിനെ അറിയിച്ചത്. സിപിഎം സെമിനാറിൽ നേതാക്കൾ പങ്കെടുക്കുന്നത് കെപിസിസി വിലക്കിയിരുന്നു. ഇക്കാര്യം കേരളത്തിലെ എംപിമാർ സോണിയാ ഗാന്ധിയെ ധരിപ്പിച്ചിരുന്നു. കെവി തോമസും സെമിനാറിൽ പങ്കെടുക്കില്ല.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാന്‍ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുവാദം തേടുമെന്ന് ശശി തരൂര്‍ നേരത്തെ പറഞ്ഞിരുന്നു. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിന് കോൺഗ്രസ് നേതാക്കൾക്ക് വിലക്കുണ്ടെന്നും ഇതു ലംഘിച്ചാൽ നടപടി ഉണ്ടാകുമെന്നും കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വ്യക്തമാക്കിയിരുന്നു. സോണിയ ഗാന്ധിയുടെ അനുമതി ഉണ്ടെങ്കിൽ ശശി തരൂർ സെമിനാറിൽ പങ്കെടുക്കട്ടെയെന്നും അത് അദ്ദേഹത്തിന്റെ സൗകര്യമാണെന്നുമായിരുന്നു സുധാകരന്റെ നിലപാട്.
കണ്ണൂരിൽ നടക്കുന്ന ഇരുപത്തി മൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിലേക്കാണ് സിപിഎം, മുതിർന്ന കോൺഗ്രസ് നേതാക്കളായ കെവി തോമസ്, ശശി തരൂർ എന്നിവരെ ക്ഷണിച്ചത്. ഇക്കാര്യം ഇരു നേതാക്കളെയും അറിയിച്ചെങ്കിലും ഹൈക്കമാൻഡ് സ്വീകരിക്കുന്ന തീരുമാനം അംഗീകരിക്കാം എന്ന നിലപാട് ആണ് ശശി തരൂർ എംപി സ്വീകരിച്ചത്. കേരളത്തിൽ നിന്നുള്ള എംപിമാർ ഈ വിഷയം ശ്രദ്ധയിൽ കൊണ്ട് വന്നതോടെയാണ് സോണിയാ ഗാന്ധി ശശി തരൂരിനെയും കെവി തോമസിനെയും സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്നും വിലക്കിയത്. കെപിസിസി നേതൃത്വം സ്വീകരിച്ച നിലപാടിന് ഒപ്പം നിൽക്കാനായിരുന്നു ഹൈക്കമാൻഡ് നേതാക്കൾക്ക് നൽകിയ നിർദേശം.
അതേ സമയം സിപിഎം, കോണ്‍ഗ്രസ് നിലപാടിനോടുള്ള വിമര്‍ശനം കൂടുതല്‍ ശക്തിപ്പെടുത്തി. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ പങ്കെടുത്താല്‍ മതിയെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
Adjust Story Font
16