വിഴിഞ്ഞത്തേത് സമരമല്ല, കലാപമെന്ന് എം വി ഗോവിന്ദൻ; ആവിക്കൽ തോട് സമരത്തിന് പിന്നിൽ തീവ്രവാദികൾ തന്നെ
പൊലീസ് സ്റ്റേഷൻ അക്രമം യാദൃശ്ചികമായി ഉണ്ടായത് അല്ല. ആസൂത്രിതമാണ്. മുൻകൂട്ടി തന്നെ സമരപ്പന്തലിൽ ഇക്കാര്യങ്ങൾ പ്രസംഗിച്ചിരുന്നു.
തിരുവനന്തപുരം: വിഴിഞ്ഞത്തേത് സമരമല്ല കലാപമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സമരത്തിന് പിന്നിൽ ആരാണെന്ന് സർക്കാർ കണ്ടെത്തണം. ജനാധിപത്യ രീതിയിൽ സമരം നടത്താൻ ആർക്കും അവകാശമുണ്ട്. അതിനെയാരും ചോദ്യം ചെയ്തിട്ടില്ല. എന്നാൽ കഴിഞ്ഞദിവസം നടന്ന പൊലീസ് സ്റ്റേഷൻ ആക്രമണം ആസൂത്രിതമായിരുന്നു.
കേന്ദ്രസേന വരുന്നെങ്കിൽ വരട്ടെ. ക്രമസമാധാനത്തിന് കേരള പൊലീസ് മതിയെന്നും അതിന് കേന്ദ്രം വേണ്ടെന്നും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈദികൻ ആ വസ്ത്രത്തിന്റെ മാന്യത പോലും കാണിക്കാതെ മന്ത്രി അബ്ദുറഹ്മാനെ വർഗീയവാദി എന്ന് വിളിച്ചു. അത് നാക്കുപിഴയല്ല. ആ പേര് വൈദികന് മാത്രമേ ചേരൂ. വർഗീയതയുടെ അങ്ങേയറ്റമാണതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
പൊലീസ് സ്റ്റേഷൻ അക്രമം യാദൃശ്ചികമായി ഉണ്ടായത് അല്ല. ആസൂത്രിതമാണ്. മുൻകൂട്ടി തന്നെ സമരപ്പന്തലിൽ ഇക്കാര്യങ്ങൾ പ്രസംഗിച്ചിരുന്നു. അതേ തുടർന്നാണ് പൊലീസ് സ്റ്റേഷനു നേരെയും വാഹനങ്ങൾക്കു നേരെയും ചുറ്റുവട്ടത്തുള്ള വീടുകൾക്കു നേരെയും ആക്രമണമുണ്ടായത്. പൊലീസിനെ മാത്രമല്ല ജനങ്ങളേയും ആക്രമിച്ചു. ആയുധമേന്തി കലാപം നടത്താൻ ആണ് അവരുടെ ശ്രമം. അക്രമത്തിന് ഉത്തരവാദികൾ ആരായാലും കേസ് എടുക്കും.
ഇത് കേവലമൊരു സമരമല്ല, ഇതിന് പിന്നിലൊരു ഗൂഢാലോചനയുണ്ട്. ഈ പദ്ധതി നടപ്പാക്കാൻ പാടില്ല എന്ന ഗൂഢ ഉദ്ദേശമുണ്ട്. ഗൂഢാലോചനയ്ക്ക് പിന്നിൽ ആരാണെന്ന് സർക്കാർ കണ്ടുപിടിക്കണം. മത്സ്യത്തൊഴിലാളികളെ മുൻനിർത്തിയാണ് തുടങ്ങിയതെങ്കിലും ഇപ്പോൾ അവർക്കതിൽ യാതൊരു പങ്കുമില്ല. കാരണം അവരുടെ ആവശ്യങ്ങളിൽ ഒന്നൊഴികെ എല്ലാം അംഗീകരിച്ചിട്ടുണ്ട്. പദ്ധതി പാടില്ലെന്നത് മാത്രമാണ് അംഗീകരിക്കാത്തത്.
വിഴിഞ്ഞം തുറമുഖ സമരവവുമായി ബന്ധപ്പെട്ട് സമരക്കാരുടെ ഏഴ് ആവശ്യത്തിൽ ആറെണ്ണം അംഗീകരിച്ചു. പണി നിർത്തിവയ്ക്കാൻ കഴിയില്ലെന്നും അങ്ങനെ ചെയ്താൽ അത് സംസ്ഥാന വികസനത്തെ ബാധിക്കമെന്നും അദ്ദേഹം വ്യക്തമാക്കി. വികസനപ്രവർത്തനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. എന്നാൽ വിഴിഞ്ഞം പൂർത്തിയാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട.
സർക്കാരിനെ പിരിച്ചുവിടും എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ തന്നെ പറഞ്ഞു. ഓലപ്പാമ്പ് കാണിച്ച ഭീഷണിപ്പെടുത്താം എന്ന് കരുതേണ്ട. ജനാധിപത്യരീതിയും ഭരണഘടനയും നോക്കാതെ ഫാസിസ്റ്റ് രീതിയിൽ കാര്യങ്ങൾ നടത്തുമെന്നാണ് അവർ പറയുന്നത്. ബി.ജെ.പിയുടേയും കോൺഗ്രസിന്റേയും മുദ്രാവാക്യം ഒന്നു തന്നെയാണ്. വിമോചന സമരം നടത്തും എന്നാണ് കെ സുധാകരൻ പറഞ്ഞത്. എളുപ്പവഴി ഉപയോഗിച്ച് സർക്കാരിനെ തകർക്കാം എന്ന് ബി.ജെ.പിയും കോൺഗ്രസും കരുതരുതെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
അതേസമയം, ആവിക്കൽ തോട് സമരത്തിൽ എം.വി ഗോവിന്ദൻ നിലപാട് ആവർത്തിച്ചു. ആവിക്കൽ തോട് സമരത്തിന് പിന്നിൽ തീവ്രവാദികൾ തന്നെയാണെന്ന് ഗോവിന്ദൻ ആരോപിച്ചു. നവകേരളം എന്നതാണ് രണ്ടാം പിണറായി സർക്കാരിന്റെ ലക്ഷ്യമെന്നും എം.വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. വിജ്ഞാന സമൂഹത്തെ വാർത്തെടുക്കുക കൂടിയാണ് ലക്ഷ്യം. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം വരുത്താൻ ശ്രമിക്കുകയാണ്.
എന്നാൽ ഗവർണരുടെ ഇടപെടൽ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ആർ.എസ്.എസ് അജണ്ട നടപ്പാക്കാനാണ്. വർഗീയവത്കരണം കൊണ്ടുവരാനാണ് ശ്രമം. ഇന്ത്യയിൽ പൊതുവെ ആർ.ആർ.എസ് ശ്രമിക്കുന്നത് അതിനാണെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Adjust Story Font
16