കോഴിക്കോട് യുവ ദമ്പതികളെ ആക്രമിച്ച സംഭവം; പ്രതി അറസ്റ്റിൽ
പ്രതിയെ പരാതിക്കാരൻ അശ്വിൻ തിരിച്ചറിഞ്ഞിരുന്നു.
കോഴിക്കോട്: കോഴിക്കോട് നഗര മധ്യത്തിൽ യുവദമ്പതികളെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബേപ്പൂർ നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലിനെയാണ് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയെ പരാതിക്കാരൻ അശ്വിൻ തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിൽ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്. ഇയാൾ മാത്രമാണ് തന്നെയും ഭാര്യയേയും ആക്രമിച്ചതെന്നും കസ്റ്റഡിയിലെടുത്ത മറ്റുള്ളവർ പ്രതിയെ തടയുകയാണ് ചെയ്തതെന്നും അശ്വിൻ പൊലീസിന് മൊഴി നൽകി.
ഇതിന്റെ അടിസ്ഥാനത്തിൽ അജ്മലിനെതിരെ മാത്രമാണ് പൊലീസ് കേസെടുത്തത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.
മർദനം, സ്ത്രീകൾക്ക് നേരെ അപമര്യാദയായി പെരുമാറൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയായിരുന്നു സിനിമ കഴിഞ്ഞ് തിരിച്ചുവരികയായിരുന്ന അശ്വിനോടും ഭാര്യയോടും നഗരമധ്യത്തിൽ അഞ്ചംഗം സംഘം അപമര്യാദയായി പെരുമാറിയത്.
ഇത് ചോദ്യം ചെയ്ത അശ്വിനെ മർദിക്കുകയും ചെയ്തു. ക്രിസ്ത്യൻ കോളജിന് സമീപത്ത് വച്ചായിരുന്നു രണ്ട് ബൈക്കുകളിൽ എത്തിയ അഞ്ച് പേർ മോശമായി പെരുമാറിയതും ആക്രമിച്ചതും. സംഭവസമയത്ത് നിരവധി ആളുകൾ ഉണ്ടായിരുന്നിട്ടും ആരും പ്രതികരിക്കാൻ തയ്യാറായില്ല എന്നും അശ്വിൻ പറഞ്ഞിരുന്നു.
പരാതിയുമായി ട്രാഫിക് കൺട്രോൾ റൂമിലെത്തിയ ദമ്പതികളെ നടക്കാവ് സ്റ്റേഷനിലേക്ക് അയയ്ക്കുകയായിരുന്നു. രാത്രി തന്നെ നടക്കാവ് സ്റ്റേഷനിൽ എത്തി പരാതി നൽകിയെങ്കിലും ഇന്ന് രാവിലെയാണ് മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്തതത്.
Adjust Story Font
16