സെക്രട്ടറിയേറ്റ് അഴിച്ചുപണി; സി.പി.എമ്മിന്‍റെ ലക്ഷ്യം സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തല്‍
യുവ പ്രാതിനിധ്യം വർധിപ്പിച്ചതിലൂടെ സെക്രട്ടറിയേറ്റിന്‍റെ പ്രവർത്തനം കൂടുതൽ സജീവമാക്കാമെന്നും നേതൃത്വം കണക്കുകൂട്ടുന്നു
സെക്രട്ടറിയേറ്റിന്‍റെ അഴിച്ചുപണിയിലൂടെ സി.പി. എം ലക്ഷ്യമിടുന്നത് സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തൽ. സർക്കാരിന് മേൽ പാർട്ടിക്ക് നിയന്ത്രണമില്ലെന്ന വിമർശനം ഇതിലൂടെ മറികടക്കാനാകുമെന്നാണ് വിലയിരുത്തൽ. യുവ പ്രാതിനിധ്യം വർധിപ്പിച്ചതിലൂടെ സെക്രട്ടറിയേറ്റിന്‍റെ പ്രവർത്തനം കൂടുതൽ സജീവമാക്കാമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
2006 ൽ വിഎസ് സർക്കാരിന്‍റെ കാലത്തും 2016ൽ പിണറായി സർക്കാരിന്‍റെ കാലത്തും 6 ൽ കുറയാത്ത മന്ത്രിമാർ സി.പി.എം സെക്രട്ടറിയേറ്റിൽ ഉണ്ടായിരുന്നു. സർക്കാരിന്‍റെ ദൈനംദിന പ്രവർത്തികളിൽ ഇടപെടാനോ മേൽനോട്ടം വഹിക്കാനോ ഇതിലൂടെ പാർട്ടിക്ക് കഴിഞ്ഞു. എന്നാൽ 2021ൽ വന്ന രണ്ടാം പിണറായി സർക്കാറിൽ മുഖ്യമന്ത്രിയെ കൂടാതെ രണ്ടു പേർ മാത്രമാണ് സി.പി.എം സെക്രട്ടറിയേറ്റിൽ നിന്ന് മന്ത്രിമാരായി ഉണ്ടായിരുന്നത്. സർക്കാർ വിവാദത്തിൽ പെട്ടപ്പോഴൊക്കെ പാർട്ടിക്ക് നിയന്ത്രണമില്ലെന്ന പഴിയും കേൾക്കേണ്ടി വന്നു. എറണാകുളം സമ്മേളനത്തിൽ മൂന്ന് മന്ത്രിമാരെക്കൂടി സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയതോടെ പാർട്ടിയും സർക്കാറും തമ്മിലുള്ള പ്രവർത്തനം ഏകോപിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് സി. പി.എം നേതൃത്വം.
കൂടുതൽ മന്ത്രിമാരെ സെക്രട്ടറിയേറ്റിലെടുത്താൽ പാർട്ടി പ്രവർത്തനത്തിന് സമയം കിട്ടില്ലെന്ന പരാതി നേരത്തെ ഉണ്ടായിരുന്നു.ഇത് പരിഹരിക്കാനുള്ള ശ്രമവും പുനസംഘടനയിൽ കാണാം.ബേബി ജോൺ, എളമരം കരിം, എം.വി ഗോവിന്ദൻ എന്നിവരെ ഒഴിവാക്കി പകരം മുഴുവൻ സമയ പ്രവർത്തനത്തിനായി എം.സ്വരാജ്, പി.കെ ബിജു, പുത്തലത്ത് ദിനേശൻ എന്നിവരെ സെക്രട്ടറിയേറ്റിലെടുത്തു. ഒഴിവാക്കിയ മൂന്ന് പേരിൽ എളമരവും എം.വി ഗോവിന്ദനും കേന്ദ്ര കമ്മറ്റി അംഗങ്ങൾ എന്ന നിലയിൽ സെക്രട്ടറിയേറ്റിൽ പങ്കെടുക്കാനും കഴിയും.
Adjust Story Font
16