Quantcast

മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ വ്യോമസേനയെത്തും

ചെറാട് സ്വദേശി ബാബു മലയിടുക്കിൽ കുടുങ്ങിയിട്ട് എതാണ്ട് 24 മണിക്കൂർ പിന്നിട്ടു

MediaOne Logo

Web Desk

  • Updated:

    2022-02-08 15:12:22.0

Published:

8 Feb 2022 3:10 PM GMT

മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ വ്യോമസേനയെത്തും
X

മലമ്പുഴയിൽ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ വ്യോമസേനയും എത്തും. പർവതാരോഹകർ ഉൾപ്പെടുന്ന 11 അംഗ കരസേനാസംഘം ഊട്ടിയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. വ്യോമ സേനയുടെ പാരാകമാൻഡോ സംഘം ബംഗലൂരുവിൽ നിന്നാണ് എത്തുക. ചെറാട് സ്വദേശി ബാബു മലയിടുക്കിൽ കുടുങ്ങിയിട്ട് എതാണ്ട് 24 മണിക്കൂർ പിന്നിട്ടു.

പാലക്കാട് ചെറാട് മലയിലെ മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയനാണ് കരസേനയുടെ സഹായം തേടിയത്. കരസേനയുടെ ദക്ഷിൺ ഭാരത് ഏരിയയുടെ പ്രത്യേകസംഘം ബാംഗ്ലൂരിൽനിന്ന് ഉടനെ പുറപ്പെടുമെന്ന് ദക്ഷിൺ ഭാരത് ഏരിയ ലഫ്. ജനറൽ അരുൺ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. പർവ്വതാരോഹണത്തിലും രക്ഷാപ്രവർത്തനത്തിലും പ്രാവീണ്യം നേടിയ സംഘമാണ് രക്ഷാപ്രവർത്തനത്തിനായെത്തുന്നത്. ഹെലികോപ്റ്ററിന്റെ സഹായത്തോടെ യുവാവിനെ രക്ഷിക്കാനാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ രക്ഷാപ്രവർത്തകരുടെ ശ്രമം വിഫലമാവുകയാണുണ്ടായത്.

ബാബുവും മൂന്ന് സുഹൃത്തുക്കളും കൂടിയാണ് മല കയറിയത്. ഇതിനിടെ ബാബു കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹൃത്തുക്കൾ ബാബുവിനെ രക്ഷിക്കാനായി വടിയും മറ്റും ഇട്ട് നൽകിയെങ്കിലും രക്ഷിക്കാനായില്ല.പിന്നീട് ബാബുവിന്റെ സുഹൃത്തുക്കൾ മലയിറങ്ങിയ ശേഷം പൊലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.

വീഴ്ചയിൽ ബാബുവിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. കയ്യിലുള്ള മൊബൈൽ ഫോൺ ഉപയോഗിച്ച് ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ അയച്ചുകൊടുത്തു. ഇപ്പോൾ ഫോൺ ഓഫായ നിലയിലാണ്. രക്ഷാ പ്രവർത്തകർക്ക് ഷർട്ട് വീശി കാണിക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് വന്യ ജീവി ശല്യം രൂക്ഷമാണെന്നും നാട്ടുകാർ പറയുന്നു. ചെങ്കുത്തായ മല കയറുന്നത് അപകടമുണ്ടാക്കുമെന്ന് വനം വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മുമ്പും ഇവിടെ കാൽവഴുതി വീണ് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്.

കൊക്കയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമം ഏറെ പ്രതിസന്ധിയിലായിരിക്കുകയാണിപ്പോൾ. മൂന്ന് സംഘങ്ങളായി പോയ വനംവകുപ്പ്, ഫോറസ്റ്റ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മല കയറിയിറങ്ങി. ചെങ്കുത്തായ മലയിടുക്കായതിനാൽ അങ്ങോട്ടേക്ക് എത്താൻ സാധിക്കുന്നില്ലെന്നാണ് രക്ഷാപ്രവർത്തകർ പറഞ്ഞത്. ഇപ്പോൾ ബാബു കൊക്കയിൽ കുടുങ്ങിയിട്ട് ഏതാണ്ട് 24 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്.

കൊക്കയിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്താൻ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്ടർ എത്തിയിരുന്നു. കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കിയെങ്കിലും ബാബുവിനെ രക്ഷിക്കാനായില്ല. ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമമാണ് രക്ഷാ പ്രവർത്തകർ ആദ്യം നടത്തിയത്. ആ ശ്രമവും വിഫലമായിരിക്കുകയാണ്. ചെങ്കുത്തായ പാറകളാൽ നിബിഡമായ പ്രദേശത്ത് ഹെലികോപ്റ്റർ ലാന്റ് ചെയ്യുകയെന്നത് ഒരിക്കലും സാധ്യമല്ല. ബാബുവിനെ രക്ഷിക്കാനാവാതെ കോസ്റ്റ്ഗാർഡിന്റെ ഹെലികോപ്ടർ മടങ്ങി പോയത് രക്ഷാപ്രവർത്തനത്തെ ഏറെ പ്രതിസന്ധിയിലാക്കി. കരസേന രക്ഷാപ്രവർത്തനത്തിന് എത്തുന്നതോടെ ബാബുവിനെ രക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story