ആലപ്പുഴ മറ്റപ്പള്ളി മല തുരന്ന് മണ്ണെടുക്കുന്നതിനെതിരായ സമരം താൽക്കാലികമായി അവസാനിപ്പിച്ചു
വ്യാഴാഴ്ച നടക്കുന്നസർവകക്ഷി യോഗം വരെ സമരം അവസാനിപ്പിക്കുന്നതായി മാവേലിക്കര എം.എൽ.എ അരുൺകുമാർ പറഞ്ഞു
ആലപ്പുഴ: നൂറനാട് പാലമേൽ മറ്റപ്പള്ളി മല തുരന്ന് മണ്ണെടുക്കുന്നതിനെതിരായ സമരം താൽക്കാലികമായി അവസാനിപ്പിച്ചു. വ്യാഴാഴ്ച നടക്കുന്നസർവകക്ഷി യോഗം വരെ സമരം അവസാനിപ്പിക്കുന്നതായി മാവേലിക്കര എം.എൽ.എ അരുൺകുമാർ പറഞ്ഞു. വ്യാഴാഴ്ച വരെ മണ്ണെടുപ്പ് നിർത്തി വച്ച സാഹചര്യത്തിലാണ് തീരുമാനം. സ്ഥലവാസി കൂടിയായ കൃഷി മന്ത്രി പി പ്രസാദിന്റെ ഇടപെടലിനെ തുടർന്നാണ് നീക്കം.
നേരത്തെ മന്ത്രി പി പ്രസാദ് കലക്ടറോട് സർവകക്ഷി യോഗം വിളിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച്ച മാവേലിക്കരയിൽ സർവകക്ഷി യോഗം വിളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മണ്ണെടുപ്പ് നിർത്തിവെക്കുമെന്ന് കരുതിയെങ്കിലും ഇന്ന് പുലർച്ചെ പൊലീസ് സന്നാഹത്തോടുകൂടി മണ്ണെടുപ്പ് ആരംഭിക്കുകയായിരുന്നു.
ഇതിനെ തുടർന്ന് രാവിലെ ഒമ്പത് മണിയോട് കൂടി ജനങ്ങൾ തടിച്ചു കൂടുകയും മണ്ണ് കടത്തി കൊണ്ടു പോകുന്ന രണ്ട് വഴികൾ ഉപരോധിച്ചു കൊണ്ട് സമരം ശക്തിപ്പെടുത്തുകയായിരുന്നു. സമരം ശക്തമായതോടെ മന്ത്രിയുടെ പ്രതിനിധി ജില്ലാകലക്ടറുമായി സംസാരിക്കുകയും ജില്ലാകലക്ടർ എ.ഡി.എംനെ സമരക്കാർക്കരികിലേക്ക് ചർച്ചക്കായി അയക്കുകയും ചെയ്തു. എന്നാൽ സമരക്കാർ ഒരു വിട്ടു വീഴ്ച്ചക്കും തയ്യാറല്ലെന്ന് അറിയിച്ചു. ഇതോടു കൂടി മണ്ണെടുപ്പ് സർവകക്ഷിയോഗം വരെ നിർത്തി വെക്കാൻ തീരുമാനിക്കുകയായിരുന്നു.
Adjust Story Font
16