'അറസ്റ്റ് പിണറായിയെ വിമര്‍ശിക്കുന്നവര്‍ക്കുള്ള ഭീഷണി; മുസ്‍ലിം വിരുദ്ധതയെ വിമര്‍ശിക്കുകയാണ് ഞാന്‍ ചെയ്തത്'; പി.വി അൻവർ
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള ഭീഷണിയാണ് തന്‍റെ അറസ്റ്റെന്ന് പി.വി അന്‍വര്‍ എംഎല്‍എ. പൊലീസിന്‍റെയും പിണറായി സര്‍ക്കാരിന്‍റെയും മുസ്‍ലിം-ന്യൂനപക്ഷ വിരുദ്ധതയ്‍ക്കെതിരെയാണ് ഞാന്‍ വിമര്‍ശിച്ചത്. ദാവൂദ് ഇബ്രാഹിമിനെയും വീരപ്പനെയും അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പോലെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ജയിലിലിടാൻ ആവശ്യമായ, ജാമ്യം കിട്ടാത്ത വകുപ്പുകളിടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിരിക്കുന്നതെന്നും അന്‍വര്‍ ആരോപിച്ചു. അറസ്റ്റിനു പിന്നാലെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിലിലിടാൻ ആവശ്യമായ, ജാമ്യം കിട്ടാത്ത വകുപ്പുകളിടാനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിരിക്കുന്നതെന്ന് നേരത്തെ അദ്ദേഹം മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കും മുൻപ് പ്രതികരിച്ചു. ''ദാവൂദ് ഇബ്രാഹിമിനെയും വീരപ്പനെയും അറസ്റ്റ് ചെയ്തുകൊണ്ടുപോകുന്ന പോലെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പിണറായിക്കെതിരെ പറയുന്നവർക്കെതിരെയുള്ള ഭീഷണിയാണിത്. പാതിരാത്രിയിൽ ഇത്രയും ഭീകരത എന്തിനാണ്? ഞാൻ എന്തു കൊലക്കുറ്റമാണു ചെയ്തത്? എനിക്ക് നോട്ടീസ് തന്നാൽ ഞാൻ അറസ്റ്റ് വരിക്കുമായിരുന്നല്ലോ''-അദ്ദേഹം പറഞ്ഞു.
'മുസ്‌ലിം സമുദായത്തെ ഇല്ലായ്മ ചെയ്യാനാണ് ഇവിടത്തെ പൊലീസ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. പ്രിയങ്കയ്ക്ക് വോട്ട് ചെയ്ത മുസ്‌ലിംകള്‍ വര്‍ഗീയ വാദികളാണ് ഭീഗരവാദികളാണ് എന്ന് പോളിറ്റ് ബ്യൂറോ മെമ്പര്‍ പറയുകയും അതിനെ മുഖ്യമന്ത്രി അംഗീകരിക്കുകയും ചെയ്യുന്ന ഈ കാലത്ത് ഇങ്ങനെ തന്നെയാണ് സംഭവിക്കുക. ഇതിന്റെ അപ്പുറത്തേക്ക് ഒന്നും പ്രതീക്ഷിക്കാന്‍ കഴിയില്ല. മുസ്‌ലിം ന്യൂനപക്ഷത്തിലെ നേതാക്കളെ ഇല്ലായ്മ ചെയ്യാനായി ജയിലില്‍ അടയ്ക്കുകയാണ്. ഇത്രയും മുസ്‌ലിം വിരുദ്ധത കാണിക്കുന്ന ഒരു ഗവണ്‍മെന്റ് കേരളത്തിന്റെ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടാവില്ല'എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലമ്പൂർ വനം വകുപ്പ് ഓഫീസ് ആക്രമിച്ച കേസിലാണ് പി.വി അൻവർ എംഎൽഎയെ പൊലീസ് അറസ്റ്റ് ചെയ്തത്. നാടകീയ നീക്കങ്ങൾക്കൊടുവിൽ അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തവനൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോവുകയാണ്. രാത്രി 9.45ഓടെയായിരുന്നു നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എംഎൽഎയെ ഒതായിയിലെ വസതിയിൽനിന്ന് അറസ്റ്റ് ചെയ്തത്.
Adjust Story Font
16