Quantcast

ആസൂത്രിത കൊലപാതകം നടത്തിയവർ തന്നെ പൊലീസിനെ വിമർശിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ

ആർഎസ്എസും എസ്ഡിപിഐയും മത്സരിച്ച് കൊലപാതകങ്ങൾ നടത്തുന്നുവെന്നും അക്രമകാരികളെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും കോടിയേരി

MediaOne Logo

Web Desk

  • Updated:

    2022-04-16 12:44:34.0

Published:

16 April 2022 12:17 PM GMT

ആസൂത്രിത കൊലപാതകം നടത്തിയവർ തന്നെ പൊലീസിനെ വിമർശിക്കുന്നു: കോടിയേരി ബാലകൃഷ്ണൻ
X

ആസൂത്രിതമായി കൊലപാതകങ്ങൾ നടത്തുന്നവർ തന്നെ പൊലീസിനെ വിമർശിക്കുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാലക്കാട്ടെ കൊലപാതകം തടയാൻ പൊലീസ് ഇടപെട്ടില്ലെന്ന വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസും എസ്ഡിപിഐയും മത്സരിച്ച് കൊലപാതകങ്ങൾ നടത്തുന്നുവെന്നും അക്രമകാരികളെ ജനങ്ങൾ ഒറ്റപ്പെടുത്തണമെന്നും കോടിയേരി പറഞ്ഞു. ആസൂത്രിത സംഭവങ്ങളിൽ പൊലീസിനു പരിമിതിയുണ്ടെന്ന് അദ്ദേഹം വിലയിരുത്തി. ആലപ്പുഴയിൽ ഈ രീതി കണ്ടതാണെന്നും എന്നാൽ കർശന നടപടികളിലൂടെ നിയന്ത്രിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്‌ലാംമത വിശ്വാസികൾ വ്രതം അനുഷ്ടിക്കുന്ന സമയമാണ് ഇവർ കൊലപാതകത്തിന് തെരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ പ്രവർത്തകൻ സുബൈറിനെ ആർഎസ്എസ് പ്രവർത്തകർ ആസൂത്രിതമായാണ് കൊലപ്പെടുത്തിയതെന്നും ഇന്നുണ്ടായ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം ഇന്നലത്തേതിന്റെ തുടർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. പ്രകോപിപ്പിച്ച് തിരിച്ചടി ഉറപ്പാക്കി കലാപം ഉണ്ടാക്കാനാണ് ആ‍ര്‍എസ്എസ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

പാലക്കാട്ട് ഇന്നലെയും ഇന്നുമായി രണ്ടു കൊലപാതകങ്ങളാണുണ്ടായത്. വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറും ഇന്ന് ആർഎസ്എസ് നേതാവ് എസ്.കെ ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്. പാലക്കാട്ടെ ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് എസ്.കെ ശ്രീനിവാസനെ കടയിൽ വെച്ച് കൊലപ്പെടുത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇദ്ദേഹത്തെ കൊല്ലാനെത്തിയത് എത്തിയത് ആറുപേരായിരുന്നു. മൂന്ന് പേരിറങ്ങി ശ്രീനിവാസനെ വെട്ടുകയും പിന്നാലെ ബൈക്കുകളിൽ തന്നെ സംഘം തിരിച്ച് പോകുകയുമായിരുന്നു. ആർഎസ്എസ് നേതാവിനെ ഇന്ന് ഉച്ചക്കാണ് വെട്ടിക്കൊല്ലപ്പെട്ടത്. പാലക്കാട് നഗരത്തിലെ പച്ചക്കറി മാർക്കറ്റിന് സമീപമുള്ള കടയിൽ കയറി വെട്ടുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ എസ്.ഡി.പി.ഐ ആണെന്ന് ബി.ജെ.പി ആരോപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കൊലപാതകത്തെ തുടർന്ന് ജില്ലയിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്.

ശ്രീനിവാസനെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി മൃതദേഹം ഏറ്റുവാങ്ങാൻ നിരവധി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അവിടെയുള്ളതിനാൽ പാലക്കാട് നഗരത്തിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ വെച്ചാണ് ശ്രീനിവാസൻറെ മരണം സ്ഥിരീകരിച്ചത്.



The assassins themselves criticize the police:Kodiyeri Balakrishnan

TAGS :

Next Story