'പ്രതിപക്ഷ നേതാവിന്റെ നട്ടെല്ല് ആർ.എസ്.എസിന് പണയം വെച്ചിരിക്കുകയാണ്' : മുഹമ്മദ് റിയാസ്
ബി.ജെ.പിയുടെ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശനെന്നും റിയാസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ നട്ടെല്ല് ആർ.എസ്.എസിന് പണയം വെച്ചിരിക്കുകയാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പ്രതിപക്ഷ നേതാവ് രാഷ്ട്രീയ വഞ്ചന നടത്തുകയാണെന്നും ബി.ജെ.പിയുടെ പ്രതിപക്ഷ നേതാവാകാനാണ് വി.ഡി. സതീശന്‍റെ ശ്രമമെന്നും കോൺഗ്രസിൽ നിന്ന് ബിജെപിയെ സഹായിക്കുകയാണെന്നും പറഞ്ഞ റിയാസ് ബി.ജെ.പിക്കെതിരെ പ്രതിപക്ഷ നേതാവ് ഒന്നും പറഞ്ഞില്ലെന്നും ബിജെപി ആഗ്രഹിക്കുന്നത് പോലെയാണ് പ്രതിപക്ഷ നേതാവ് പ്രവർത്തിക്കുന്നതെന്നും കൂട്ടിച്ചേർത്തു. കോൺഗ്രസിൽ നിൽക്കുകയും മതനിരപേക്ഷ കോൺഗ്രസിനെ ഒറ്റുകൊടുക്കുകയും ചെയ്യുന്ന ബോധപൂർവമായ അജണ്ടയാണ് പ്രതിപക്ഷ നേതാവിന്‍റേതെന്നും കേന്ദ്രത്തിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഒരു വാക്ക് മിണ്ടാത്ത നേതാവാണ് കേരളത്തിന്റെ പ്രതിപക്ഷ നേതാവെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം പാർട്ടിയിൽ നിന്ന് അംഗീകാരം ലഭിക്കാത്തതിന്‍റെ ഈഗോയാണ് പ്രതിപക്ഷ നേതാവിനെന്നും പിൻവാതിലിലൂടെയാണ് സതീശൻ പ്രതിപക്ഷ നേതാവായതെന്നും റിയാസ്.
'പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാർട്ടിയെ ആക്ഷേപിച്ചാൽ നോക്കി നിൽക്കാൻ ആവില്ല. മന്ത്രിസ്ഥാനം പാർട്ടി ഏൽപ്പിച്ച ചുമതലയാണ്. പ്രതിപക്ഷനേതാവിന്റെ ഗുഡ് സർട്ടിഫിക്കറ്റ് പ്രതീക്ഷിക്കുന്നില്ല. പ്രതിപക്ഷ നേതാവ് മന്ത്രിമാരെ തുടർച്ചയായി അധിക്ഷേപിക്കുന്നു'. - മുഹമ്മദ് റിയാസ്
പ്രതിപക്ഷത്തിന് നട്ടെല്ലില്ലെന്ന റിയാസിന്‍റെ ആരോപണത്തിൽ പ്രതിപക്ഷത്തെ അപഹസിക്കാൻ എന്ത് അവകാശമാണ് റിയാസിനുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചേദിച്ചിരുന്നു. റിയാസ് മന്ത്രിയായത് മാനേജ്മെൻറ് ക്വാട്ടയിലാണെന്നും, മരുമകൻ എത്ര പി.ആർ വർക്ക് നടത്തിയിട്ടും സ്പീക്കർക്കൊപ്പം എത്തുന്നില്ല, അതിനാൽ സ്പീക്കറെ പരിഹാസ്യ പാത്രമാക്കാനുള്ള കുടുംബ അജണ്ട നടക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16