Quantcast

ജോജു ജോർജിന്റെ കാർ തടഞ്ഞ കേസിൽ കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ടോണി ചമ്മിണിക്ക് പുറമെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കൽ എന്നിവരാണ് റിമാന്റിൽ കഴിയുന്നത്.

MediaOne Logo

Web Desk

  • Published:

    9 Nov 2021 2:29 AM GMT

ജോജു ജോർജിന്റെ കാർ തടഞ്ഞ കേസിൽ കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
X

നടൻ ജോജു ജോർജിന്റെ കാർ തകർത്ത കേസിൽ റിമാന്റിലായ ടോണി ചമ്മിണിയടക്കുള്ള കോൺഗ്രസ് നേതാക്കളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കേസിൽ നാല് കോൺഗ്രസ് നേതാക്കളാണ് ഇന്നലെ കീഴടങ്ങിയത്. ടോണി ചമ്മിണിക്ക് പുറമെ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മനു ജേക്കബ്, ജെർജസ്, വൈറ്റില ബൂത്ത് പ്രസിഡന്റ് ജോസ് മാളിയേക്കൽ എന്നിവരാണ് റിമാന്റിൽ കഴിയുന്നത്. രണ്ട് കോൺഗ്രസ് പ്രവർത്തകർ നേരത്തെ കേസിൽ അറസ്റ്റിലായിരുന്നു.

ഇന്നലെ പ്രകടനമായാണ് കോൺഗ്രസ് നേതാക്കൾ കീഴടങ്ങാനെത്തിയത്.

അതേസമയം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയും ഗതാഗതം തടഞ്ഞും സർക്കാർ ഓഫീസുകൾ അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രവർത്തനം തടസപ്പെടുത്തിയുമുള്ള സിനിമാ ചിത്രീകരണം എറണാകുളം ജില്ലയിൽ ഇനി അനുവദിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു.

ലൊക്കേഷനുകളിൽ ബൗൺസർമാരെയും ഗുണ്ടകളെയും അണിനിരത്തിയാണ് പലയിടത്തും ഷൂട്ടിംഗ് നടത്തുന്നത്. ഇവർ ജനങ്ങളെ ആട്ടിയകറ്റുകയാണ്. ചോദ്യം ചെയ്താൽ മർദനമടക്കം നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

ജില്ലയിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള സിനിമ ചിത്രീകരണം മുന്നറിയിപ്പില്ലാതെ തടയുമെന്നും യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡൻറ് ടിറ്റോ ആൻറണി അറിയിച്ചു. സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തിനെതിരെയും യൂത്ത് കോൺഗ്രസ് പ്രചാരണവും പ്രക്ഷോഭവും ആരംഭിക്കുമെന്നും ടിറ്റോ ആൻറണി വ്യക്തമാക്കി.

രാജ്യത്തെ ഇന്ധനവില വർധനയ്ക്ക് എതിരായ കോൺഗ്രസിൻറെ വഴിതടയൽ സമരത്തിനിടെ നടൻ ജോജു ജോർജ് പ്രതിഷേധിച്ചതും തുടർന്ന് കാർ തകർത്തതും ഉൾപ്പെടെയുള്ള വിഷയങ്ങളാണ് യൂത്ത് കോൺഗ്രസിൻറെ പുതിയ തീരുമാനത്തിന് കാരണം. കഴിഞ്ഞ ദിവസം പൃഥ്വിരാജ് നായകനായ കടുവയുടെ ചിത്രീകരണം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞിരുന്നു. ഇന്ന് ശ്രീനിവാസൻ നായകനായ കീടത്തിൻറെ ചിത്രീകരണവും യൂത്ത് കോൺഗ്രസ് തടഞ്ഞു.

TAGS :

Next Story