സുരേന്ദ്രന് ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതോടെ ബി.ജെ.പി കൂടുതല്‍ പ്രതിരോധത്തിൽ
കള്ളപ്പണ കേസും തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും ബി.ജെ.പിയിലെ ഗ്രൂപ്പ് സമവാക്യത്തിലും മാറ്റങ്ങൾ വരുത്തിയേക്കും
കൊടകരയിലെ ബി.ജെ.പി കള്ളപ്പണക്കേസിൽ സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയതോടെ ബി.ജെ.പി കൂടുതല്‍ പ്രതിരോധത്തിൽ. കള്ളപ്പണ കേസും തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും ബി.ജെ.പിയിലെ ഗ്രൂപ്പ് സമവാക്യത്തിലും മാറ്റങ്ങൾ വരുത്തിയേക്കും.
കള്ളപ്പണക്കേസിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയത് സംസ്ഥാനത്തെ ബി.ജെ.പിയിലെ പ്രതിസന്ധി രൂക്ഷമാക്കും. കള്ളപ്പണക്കേസിൽ സുരേന്ദ്രനിലേക്ക് നീങ്ങാവുന്ന വ്യക്തമായ തെളിവുള്ളതിനാൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന കാര്യം ബി.ജെ.പി- ആർ.എസ്.എസ് നേതാക്കൾ ഉറപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഗ്രൂപ്പ് മറന്ന് കെ.സുരേന്ദ്രനൊപ്പം നിൽക്കാൻ ആർ.എസ്.എസ് നേതൃത്വം ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെട്ടത്. ആർ എസ് എസ് നിർദേശ പ്രകാരം സംസ്ഥാന അധ്യക്ഷനെ പിന്തുണച്ച് പരസ്യമായി രംഗത്തെത്തിയെങ്കിലും സുരേന്ദ്രനെ മാറ്റി നിർത്തണമെന്ന കടുത്ത നിലപാടാണ് കൃഷ്ണദാസ് പക്ഷം നേതാക്കൾക്കുള്ളത്. തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ സൂക്ഷമതക്കുറവുണ്ടായി എന്നാണ് ആർഎസ്എസ് നേതൃത്വവും വിലയിരുത്തിയിരുന്നു.
പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടും വി മുരളീധരന്‍റെ നോമിനിയായത് കൊണ്ട് മാത്രം സുരേന്ദ്രനെ സംരക്ഷിക്കുകയാണെന്ന വികാരം ബി.ജെ.പി നേതാക്കൾക്കിടയിൽ തന്നെയുണ്ട്. സുരേന്ദ്രനെ മാറ്റി നിർത്തിയില്ലെങ്കിൽ മുരളീധരപക്ഷത്തുള്ള നേതാക്കൾ ചുവട് മാറ്റം നടത്താനും സാധ്യതയുണ്ട്. അതേ
സമയം കൊടകര സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ബി.ജെ.പി സംസ്ഥാന നേതൃത്വത്തിൽ തത്കാലം മാറ്റം വേണ്ടെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്‍റെ നിലപാട്. എന്നാൽ ഉചിതമായ സമയത്ത് ഇക്കാര്യത്തിൽ നടപടിയുണ്ടായേക്കും.
Adjust Story Font
16