മോൻസൺ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിന്നുവെന്ന് കുട്ടി തന്നെ പറഞ്ഞു: എം.വി ഗോവിന്ദൻ
'മാധ്യമവാർത്തയേയും ക്രൈംബ്രാഞ്ചിനേയും ഉദ്ധരിച്ചാണ് ഞാൻ പറയുന്നത്. കള്ളക്കേസുകൾ എടുക്കണമെന്ന നിലപാട് പാർട്ടിക്കില്ല'
തിരുവനന്തപുരം: മോൻസൺ മാവുങ്കൽ പ്രതിയായ പോക്‌സോ കേസിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരെ ഗുരുതര ആരോപണവുമായി സി.പി.എം. മോൻസൺ തന്നെ പീഡിപ്പിക്കുമ്പോൾ സുധാകരൻ അവിടെയുണ്ടായിരുന്നുവെന്ന് കുട്ടി തന്നെ പറഞ്ഞുവെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.
'മാധ്യമവാർത്തയേയും ക്രൈംബ്രാഞ്ചിനേയും ഉദ്ധരിച്ചാണ് ഞാൻ പറയുന്നത്. കള്ളക്കേസുകൾ എടുക്കണമെന്ന നിലപാട് പാർട്ടിക്കില്ല. പ്രതിയാക്കപ്പെടുന്നവർ നിയമത്തിന് മുന്നിൽ വരട്ടെ'- എം.വി ഗോവിന്ദൻ പറഞ്ഞു.
മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. കുറ്റം ചെയ്തവർക്കെതിരെ കേസ് എടുക്കണം എന്നാണ് പറഞ്ഞത്. റിപ്പോർട്ട് ചെയ്യാം. എന്നാല്‍ എസ്.എഫ്.ഐ പ്രവർത്തകനെതിരെ ഗൂഢാലോചന നടത്തിയതിനാണ് എഫ്.ഐ.ആര്‍ എടുത്തത്. തിരക്കഥ തയാറാക്കി എന്നതാണ് പരാതി. താൻ പറയാത്ത കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിച്ചു. മാധ്യമ പ്രവർത്തകർ ഇവന്റ് മാനേജ്‌മെന്റിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്. ഗൂഢാലോചന നടത്തിയതിനാണ് കേസെടുത്തത്. സർക്കാരിനെയോ എസ്.എഫ്.ഐയോ വിമർശിച്ചതിന്റെ പേരിൽ കേസ് എടുക്കില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
Adjust Story Font
16