'റോഡിൻറെ കേടുപാടുകൾ പരിഹരിക്കും'; തൃശൂരിൽ പ്രഖ്യാപിച്ച ബസ് പണിമുടക്ക് നീട്ടിവച്ചു
റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ആയിരുന്നു സമര പ്രഖ്യാപനം
തൃശൂർ: റോഡിൻറെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലയിൽ പ്രഖ്യാപിച്ച ബസ് പണിമുടക്ക് നീട്ടിവച്ചു. ഒരാഴ്ചയ്ക്കകം റോഡിൻറെ കേടുപാടുകൾ പരിഹരിക്കുമെന്ന് ജില്ലാ കലക്ടറുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് പിന്മാറ്റം. വാഗ്ദാനം പാലിക്കപ്പെട്ടില്ലെങ്കിൽ രണ്ടാം തീയതി മുതൽ തൃശൂർ ജില്ലയിലെ എല്ലാ ബസ്സുകളും സർവീസ് നിർത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ പറഞ്ഞു.
കഴിഞ്ഞദിവസം മുഖ്യമന്ത്രി വഴിമാറി യാത്ര ചെയ്യാൻ കാരണമായ കേച്ചേരിയിലെ ഗർത്തങ്ങൾ ഉൾപ്പെടെ തൃശ്ശൂർ ജില്ലയിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ആയിരുന്നു സമര പ്രഖ്യാപനം. ജില്ലയിലെ രണ്ട് റൂട്ടുകളുടെ ബസ് സർവീസുകൾ നിർത്തിവയ്ക്കും എന്നായിരുന്നു പ്രഖ്യാപിച്ചത്.തൃശ്ശൂർ - കോഴിക്കോട്, തൃശ്ശൂർ - കൊടുങ്ങല്ലൂർ റൂട്ടുകൾ ആയിരുന്നു ഇത്.
തുടർന്ന് ഇന്ന് രാവിലെ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് സമരം ഒരാഴ്ച നീട്ടിവെക്കാൻ സംയുക്ത ട്രേഡ് യൂണിയനുകൾ തീരുമാനിച്ചത്.
Adjust Story Font
16