മാടായി കോളജ് നിയമന വിവാദം: 15 ലക്ഷം കോഴ വാങ്ങിയെന്ന് ഉദ്യോഗാർഥി
‘അഭിമുഖ പാനലിലെ സർക്കാർ പ്രതിനിധിക്ക് പരാതി നൽകിയിരുന്നു’
കണ്ണൂർ: മാടായി കോഓപറേറ്റിവ് ആർട്സ് ആൻഡ് സയൻസ് കോളജ് നിയമന വിവാദവുമായി ബന്ധപ്പെട്ട് പുതിയ ആരോപണം. മാടായി കോളജിൽ നിയമനം ലഭിച്ചവരിൽനിന്ന് കോഴ വാങ്ങിയെന്ന് അഭിമുഖത്തിൽ പങ്കെടുത്ത ഉദ്യോഗാർഥി ടി.വി നിതീഷ് പറഞ്ഞു.
നിയമനം ലഭിച്ച രണ്ടുപേരിൽ നിന്നായി 15 ലക്ഷം രൂപ കോഴ വാങ്ങിയാണ് നിയമനം നടത്തിയിട്ടുള്ളത്. അഭിമുഖ പാനലിലെ സർക്കാർ പ്രതിനിധിക്ക് പരാതി നൽകിയിരുന്നതായും ടി.വി നിതീഷ് പറഞ്ഞു. യൂത്ത് കോൺഗ്രസ് കല്യാശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റാണ് നിതീഷ്.
അതേസമയം, കണ്ണൂർ മാടായി കോളജിലെ നിയമന വിവാദത്തെ ചൊല്ലി കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായിട്ടുണ്ട്. നിയമന വിവാദത്തെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങൾ അണികളിൽനിന്ന് നേതൃത്വത്തിലേക്ക് പടരുകയാണ്. നിയമനങ്ങളിൽ എം.കെ രാഘവന് വീഴ്ച പറ്റിയെന്ന നിലപാടിൽ കണ്ണൂർ ഡിസിസി നേതൃത്വം ഉറച്ചുനിൽക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ പ്രാദേശിക പ്രതിഷേധങ്ങളെ കണ്ടില്ലന്ന് നടിക്കാനാവില്ല. അതുകൊണ്ട് തന്നെ അഞ്ച് ഭരണ സമിതി അംഗങ്ങൾക്കെതിരായ അച്ചടക്ക നടപടിയിൽനിന്ന് പിന്നോട്ടില്ലന്നതാണ് ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജിന്റെ നിലപാട്. എന്നാൽ, തനിക്ക്വതിരായ പ്രതിഷേധങ്ങൾക്ക് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടന്നാണ് എം.കെ രാഘവൻ പറയുന്നത്.
കെപിസിസി അധ്യക്ഷന്റെ സ്വന്തം ജില്ലയിൽ നിന്നുയരുന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ കെ. സുധാകരൻ തന്നെയെന്ന് പറയാതെ പറയുകയാണ് രാഘവൻ. ഒപ്പം കെ.സി വേണുഗോപാലിന്റെ പിന്തുണയുറപ്പിക്കാനും രാഘവൻ ശ്രമിക്കുന്നുണ്ട്.
അതിനിടെ നിയമന വിവാദത്തിൽ ജില്ലയിൽ പ്രതിഷേധം ശക്തമാവുകയാണ്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൻ മോഹൻ, ഉൾപ്പെടെ നിരവധി പേർ നേതൃത്വത്തെ രാജി സന്നദ്ധത അറിയിച്ചു. വൈകീട്ട് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി എം.കെ രാഘവന്റെ പയ്യന്നൂരിലെ വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16