ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസ്: നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു; ഫോൺ പിടിച്ചെടുത്തു
ഇന്ന് ഉച്ചക്ക് വിനായകന്റെ കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയാണ് ചോദ്യം ചെയ്തത്
കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച് സംസാരിച്ച കേസിൽ നടൻ വിനായകനെ പൊലീസ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഫ്‌ളാറ്റിലെത്തിയാണ് ചോദ്യം ചെയ്തത്. വിനായകന്റെ ഫോൺ പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു.
ചോദ്യം ചെയ്യാൻ വേണ്ടി വിനായകന് നോട്ടീസ് നൽകാൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും വിനായകനെ കണ്ടെത്താൻ സാധിച്ചില്ല. ഇതിനെ തുടർന്നാണ് ഇന്ന് ഉച്ചക്ക് 12 മണിക്ക് വിനായകന്റെ ഫ്‌ളാറ്റിലെത്തി പൊലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ഉമ്മൻചാണ്ടിയുടെ മരണത്തിൽ ചിലയാളുകളുടെ ഭാഗത്ത് നിന്നുണ്ടായത് കപടമായ പെരുമാറ്റമാണെന്നും ഇത് കണ്ടിട്ടാണ് താൻ ഇത്തരത്തിൽ വീഡിയോ ചെയ്തതെന്നും വിനായകൻ പറഞ്ഞു.
ഇതിന് പിന്നാലെ പൊലീസ് അറസ്റ്റിന് സമാനമായ സെക്ഷൻ 41 പ്രകാരമുള്ള നോട്ടീസ് വിനായകന് നൽകി. ഇതുമായി ബന്ധപ്പെട്ട് ഇനിയും അന്വേഷണം തുടരുമെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത വിനായകന്റെ ഫോൺ ഫോറൻസിക് പരിശോധനക്കായി അയക്കും. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷമായിരിക്കും കുറ്റപത്രം സമർപ്പിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കുക.
നേരത്തെ ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച കേസിൽ വിനായകനെതിരെ നടപടി വേണ്ടെന്ന് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. ഇതിനിടെ വിനായകന്റെ ഫ്‌ളാറ്റ് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് വിനായകൻ പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ നടപടി വേണ്ടെന്ന് വിനായകൻ ഇപ്പോൾ പൊലിസിനെ അറിയിച്ചിട്ടുണ്ട്.
Adjust Story Font
16