അബ്ദുൽ റഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് ഇന്ന് വീണ്ടും പരിഗണിക്കും
കൊലപാതക കേസ് ആയതിനാൽ സാധാരണ നടക്കാറുള്ള വിശദ പരിശോധനകളാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്

റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസ് ഇന്ന് വീണ്ടും പരിഗണിക്കും. വധശിക്ഷ റദ്ദാക്കിയതോടെ മോചനം കാത്തിരിക്കുന്ന റഹീമിന്റെ കേസ് പുതിയ ബെഞ്ചായിരിക്കും പരിഗണിക്കുക. പൊതു അവകാശവുമായി ബന്ധപ്പെട്ട നടപടികളാണ് ഇനി പൂർത്തിയാവാനുള്ളത്. ഇന്ന് ഉച്ചക്ക് മുന്നോടിയായി കേസ് കോടതി പരിഗണിക്കുമെന്നാണ് റഹീം നിയമ സഹായ സമിതി പ്രതീക്ഷിക്കുന്നത്.
സൗദി ബാലൻ അനസ് അൽ ശഹ്രി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് ഫറോക്ക്, കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം ജയിലിലാകുന്നത്. വധശിക്ഷ റദ്ദാക്കിയ റഹീമിന്റെ കേസ് കോടതി പരിഗണിച്ചിരുന്നുവെങ്കിലും മാറ്റി വെക്കുകയായിരുന്നു. കൊലപാതക കേസ് ആയതിനാൽ സാധാരണ നടക്കാറുള്ള വിശദ പരിശോധനകളാണ് നിലവിൽ നടന്നു കൊണ്ടിരിക്കുന്നത്.
18 വർഷം മുൻപ് നടന്ന സംഭവമായതിനാൽ തന്നെ അന്ന് തൊട്ടുള്ള ഫയലുകളുടെ പരിശോധനയും പഠനവും അനിവാര്യമാണ്. നിലവിൽ കേസുമായി ബന്ധപ്പെട്ട സ്വകാര്യ അവകാശവുമായി ബന്ധപ്പെട്ട വാദങ്ങളാണ് പൂർത്തിയായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രകാരം സൗദി കുടുംബത്തിന് 15 മില്ല്യൺ റിയാൽ കൈമാറിയതും, വധ ശിക്ഷ റദ്ദ് ചെയ്തതും. കൊലപാതക കുറ്റമായതിനാൽ കേസ് സ്വകാര്യ അവകാശത്തിന് പുറമെ പൊതു അവകാശത്തിന്റെ കൂടി പരിധിയിൽ വരും. കഴിഞ്ഞ ഒക്ടോബർ മുതലാണ് പൊതു അവകാശവുമായി ബന്ധപ്പെട്ട വാദം തുടങ്ങിയത്. മെഡിക്കൽ റിപ്പോർട്ട്, സംഭവം നടന്ന സാഹചര്യങ്ങൾ എന്നിവയെല്ലാം വീണ്ടും പരിശോധിക്കേണ്ടതുണ്ട്. ശേഷം മാത്രമേ അന്തിമ വിധിയുണ്ടാകൂ.
Adjust Story Font
16