കോവാക്സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് മൂന്നാം ഡോസിന് അനുമതിയില്ലെന്ന് കേന്ദ്രം കോടതിയില്‍
കൊവാക്‌സിന് അംഗീകാരമില്ലാത്തതിനാൽ സൗദിയിലേക്ക് പോകാനാവാത്ത സാഹചര്യത്തിൽ മൂന്നാം ഡോസായി കോവിഷീൽഡ് വാക്സിൻ നൽകണമെന്ന ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സര്‍ക്കാരിന്‍റെ വിശദീകരണം
കോവാക്സിന്‍ രണ്ട് ഡോസ് എടുത്തവര്‍ക്ക് മൂന്നാം ഡോസിന് അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അധിക ഡോസ് വാക്സിന്‍ നല്‍കാന്‍ നിലവില്‍ മാര്‍ഗനിര്‍ദേശമില്ലെന്നും വിശദീകരണം. കൊവാക്‌സിന് അംഗീകാരമില്ലാത്തതിനാൽ സൗദിയിലേക്ക് പോകാനാവാത്ത സാഹചര്യത്തിൽ മൂന്നാം ഡോസായി കോവിഷീൽഡ് വാക്സിൻ നൽകണമെന്ന ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സര്‍ക്കാരിന്‍റെ വിശദീകരണം. കൊവിഷീൽഡ് ഒരു ഡോസ് കൂടി നൽകാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് പ്രവാസിയായ കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി ഗിരികുമാർ നൽകിയ ഹരജിയിലാണ് സര്‍ക്കാര്‍ നിലപാടറിയിച്ചത്.
കോവിഡ് രണ്ടാം തരംഗത്തിന്‍റെ തുടക്കത്തിൽ നാട്ടിലെത്തിയ ഹരജിക്കാരൻ കൊവാക്സിൻ രണ്ടു ഡോസും എടുത്തിരുന്നു. കൊവാക്സിന് അംഗീകാരമില്ലെന്ന് അറിഞ്ഞിരുന്നെങ്കിൽ എടുക്കുമായിരുന്നില്ലെന്നും ഇപ്പോൾ സ്വന്തം ഉത്തരവാദിത്തത്തിൽ കൊവിഷീൽഡ് എടുക്കാൻ തയ്യാറാണെന്നും ഹരജിക്കാരൻ കോടതിയെ അറിയിച്ചു. എന്നാൽ മൂന്നാം ഡോസ് നൽകാൻ ക്ലിനിക്കൽ അംഗീകാരം ലഭിച്ചിട്ടില്ലെന്നും ഹരജിക്കാരന്‍റെ ആവശ്യം അനുവദിച്ചാൽ സമാന ആവശ്യവുമായി ഒട്ടേറെപ്പേർ മുന്നോട്ടു വരുമെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. ആദ്യ ഡോസ് പോലും കിട്ടാത്തവർ ഇവിടെയുണ്ട്. ഈ സാഹചര്യത്തിൽ മൂന്നാം ഡോസ് എന്ന ആവശ്യം അനുവദിക്കാൻ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചു. സംസ്ഥാന സർക്കാറും ഇതേ നിലപാട് ആവർത്തിച്ചിരുന്നു.
Adjust Story Font
16