കേന്ദ്രത്തിന്റേത് ഫാഷിസ്റ്റ് രീതി; പറ്റുന്നിടത്തെല്ലാം ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് എം.എ ബേബി
സംഘ്പരിവാർ സംവിധാനങ്ങൾക്ക് രാജ്യത്ത് 30 ശതമാനത്തിൽ അധികം ആളുകളുടെ പിന്തുണയുണ്ട്. ഈ പൊതുബോധം രൂപീകരിക്കുന്നതിൽ സംഘപരിവാർ വിജയിച്ചിരിക്കുന്നു.

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പ്രവർത്തനം ഫാഷിസ്റ്റ് രീതിയിലാണെന്നും ഉത്കണ്ഠപ്പെടുത്തുന്ന തരത്തിൽ സമൂഹത്തിലെ കാര്യങ്ങൾ മാറുകയാണെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. ജനവിരുദ്ധമായ സമീപനം കേന്ദ്രസർക്കാർ പിന്തുടരുന്നു. വ്യക്തിപരമായ നേട്ടങ്ങൾക്കായി പല പ്രാഞ്ചിയേട്ടന്മാരും ബിജെപിയിലേക്ക് ആകർഷിക്കപ്പെടുകയാണെന്നും എം.എ ബേബി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംഘ്പരിവാർ സംവിധാനങ്ങൾക്ക് രാജ്യത്ത് 30 ശതമാനത്തിൽ അധികം ആളുകളുടെ പിന്തുണയുണ്ട്. ഈ പൊതുബോധം രൂപീകരിക്കുന്നതിൽ സംഘപരിവാർ വിജയിച്ചിരിക്കുന്നു. മഹാത്മാഗാന്ധിയുടെ നാട് ഇപ്പോൾ മഹാത്മാഗാന്ധിയുടെ രക്തം പുരണ്ടവരുടെ കൈകളിലാണ്. ബിജെപിക്ക് പിന്നിൽ അണിനിരക്കുന്നത് മോശമാണെന്ന പൊതുബോധം കേരളത്തിൽ ഉണ്ടായിരുന്നു. എന്നാൽ ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ കൂടെയാണ് നിൽക്കുന്നതെന്ന പൊതുബോധം ഇപ്പോൾ സൃഷ്ടിക്കപ്പെടുകയാണ്.
ബിജെപിക്ക് പിന്നിൽ അണിനിരക്കാനുള്ള ജാള്യത ഈ പൊതുബോധത്തിൽ ബിജെപി മറികടന്നു. പാത്തുംപതുങ്ങിയും ബിജെപിയുമായി സഹകരിച്ചിരുന്നവർ ഇപ്പോൾ പരസ്യമായി സഹകരിക്കുന്നു. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ ഇടതുപക്ഷം അവസരം കൊടുത്തില്ല. നേമത്ത് അവസരം നൽകിയത് ആരാണെന്ന് പരിശോധിച്ചാൽ മനസിലാകും. തൃശൂരിൽ ഓരോ പാർട്ടിക്കും കിട്ടിയ വോട്ട് പരിശോധിച്ചാൽ മതി.
ബിജെപി ഉയർത്തുന്ന ഭീഷണി വളരെ ഗൗരവമായി കാണേണ്ടതാണ്. സിപിഎമ്മിന്റെ ഭാഗത്ത് ഇക്കാര്യത്തിൽ വീഴ്ച ഉണ്ടെങ്കിൽ തിരുത്താൻ സിപിഎം തയാറാണ്. സിപിഎമ്മിൻ്റെ സ്വാധീന മേഖലകളിൽ ബിജെപി ശക്തിപ്പെടുന്നുണ്ടെന്നും എം.എ ബേബി പറഞ്ഞു. ഇക്കാര്യത്തിൽ ബന്ധപ്പെട്ട കമ്മിറ്റികൾ സൂക്ഷ്മമായി പരിശോധിച്ച് നടപടി സ്വീകരിക്കും.
കോൺഗ്രസിൻ്റെ ചെലവിൽ മാത്രമല്ല ബിജെപി വളരുന്നത്. ബോധപൂർവം സിപിഎം ഒരുതരത്തിലും തെറ്റ് ചെയ്യില്ലെന്നും ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസുമായി എവിടെയെല്ലാം സഹകരിക്കണോ അവിടെയെല്ലാം സഹകരിക്കുമെന്നും എം.എ ബേബി വിശദമാക്കി. സുപ്രിംകോടതിയിൽ നിന്ന് തമിഴ്നാട് ഗവർണറിന് തിരിച്ചടിയുണ്ടായിരിക്കുന്നു. ഗവർണർമാരുടെ ദുരുപയോഗം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Adjust Story Font
16