''പോപുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലെ ആക്രമണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ല'': വി.ഡി സതീശന്‍
"ബി.ജെ.പി നാലാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് ജയിച്ച ബാഗേപള്ളിയില്‍ പോയാണ് പിണറായി കോണ്‍ഗ്രസിനെതിരെ പ്രസംഗിച്ചത്"
പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആക്രമണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കെ.എസ്.ആര്‍.ടി.സി ഇത്രയും പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് തകര്‍ത്തും വ്യാപക അതിക്രമങ്ങള്‍ നടത്തിയുമാണ് ഹര്‍ത്താല്‍ മുന്നോട്ടു പോയത്. വളരെ അപൂര്‍വം സ്ഥലങ്ങളില്‍ മാത്രമാണ് ഇന്നലെ പൊലീസിന്‍റെ സാന്നിധ്യമുണ്ടായത്. അക്രമികളില്‍ നിന്നും സാധാരണക്കാരായ ജനങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഒരു സംവിധാനവും പൊലീസ് ഏര്‍പ്പെടുത്തിയിരുന്നില്ല. ഇത്തരം അക്രമസംഭവങ്ങളെ നേരിടാന്‍ പൊലീസിന് കഴിയുന്നില്ലായെന്നത് ദൗർഭാഗ്യകരമാണെന്ന് വി.ഡി സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി തൃശ്ശൂരിലെ പാര്‍ട്ടി പരിപാടിയില്‍ ഒരുമണിക്കൂര്‍ സംസാരിച്ചു. സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന്‍റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി ഒരുവാക്കില്‍ പോലും അക്രമ ഹര്‍ത്താലിനെ തള്ളിപ്പറയാന്‍ തയ്യാറായില്ലെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.
ഇന്നലെ നടത്തിയ പ്രസംഗം മുഴുവന്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തിയിട്ടുള്ളതും രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്കെതിരെയുള്ളതുമായിരുന്നു. ബി.ജെ.പി നാലാം സ്ഥാനത്തുള്ള കോണ്‍ഗ്രസ് ജയിച്ച ബാഗേപള്ളിയില്‍ പോയാണ് പിണറായി കോണ്‍ഗ്രസിനെതിരെ പ്രസംഗിച്ചത്. 'ആര്‍.എസ്.എസ് പാഠ്യപദ്ധതിയില്‍ കയറിക്കൂടാന്‍ ശ്രമിക്കുന്നു, അതിലൂടെ അവരുടെ സിദ്ധാതങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നു',എന്നിങ്ങനെയുള്ള പരാമര്‍ശങ്ങളാണ് പ്രസംഗത്തില്‍ പിണറായി വിജയന്‍ പ്രധാനമായും പറഞ്ഞത്. കേരളത്തില്‍ മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ കണ്ണൂര്‍ സര്‍വകലാശാലയില്‍ എം.എ ഗവേര്‍ണന്‍സ് ആന്‍ഡ് പൊളിറ്റിക്സില്‍ പഠിപ്പിക്കുന്നത് ആര്‍.എസ്.എസിന്‍റെ സൈദ്ധാന്തിക ആചാര്യന്മാരായ നാല് പേരുടെ അഞ്ചു പുസ്തകങ്ങളാണ്. ഗോള്‍വാള്‍ക്കര്‍, സവര്‍ക്കര്‍, ദീന്‍ ദയാല്‍ ഉപാധ്യായ, ബല്‍രാജ് മധോക്ക് എന്നിവരുടെ പുസ്തകങ്ങളാണവ. നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷം അതിനെ ശക്തമായി ചോദ്യം ചെയ്തിട്ടും സിലബസുമായി മുന്നോട്ടു പോയ മുഖ്യമന്ത്രി കര്‍ണാടകയില്‍ പോയി ഇതിനെതിരെ സംസാരിക്കുന്നത് ഇരട്ടത്താപ്പാണെന്ന് വി.ഡി സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രിക്ക് എന്ത് ആത്മാര്‍ത്ഥയാണുള്ളതെന്നും മുഖ്യമന്ത്രിയുടെ വര്‍ഗീയ വിരുദ്ധ നിലപാടിലെ കാപട്യമാണ് കേരളത്തില്‍ കാണുന്നതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16